അഹമ്മദ് ജാഹു, മൊര്‍ത്താദാ ഫാൾ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ മുംബൈ നിരയിലും ഉണ്ട്

പുനെ: ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിക്ക് ഇന്ന് ആദ്യ മത്സരം. മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയാണ് എതിരാളികൾ. രാത്രി ഏഴരയ്ക്ക് ഹൈദരാബാദിന്‍റെ തട്ടകത്തിലാണ് മത്സരം. ബര്‍ത്തലോമിയോ ഒഗ്ബച്ചെ അടക്കമുള്ള സൂപ്പര്‍താരങ്ങളുമായാണ് ഹൈദരാബാദ് കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങുന്നത്. അഹമ്മദ് ജാഹു, മൊര്‍ത്താദാ ഫാൾ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ മുംബൈ നിരയിലും ഉണ്ട്. 

ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി വിജയത്തുടക്കം നേടി. ബിഎഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒറ്റ ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയുടെ വകയായിരുന്നു വിജയഗോള്‍. ഇഞ്ച്വറിടൈമിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ മടക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചത് വഴിത്തിരിവായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് കളിയിലെ താരം. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം എമില്‍ ബെന്നി ഐഎസ്എല്‍ അരങ്ങേറ്റം നടത്തിയത് ശ്രദ്ധേയമായി.

ബെംഗളൂരു വിജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ഇരുവര്‍ക്കും മൂന്ന് പോയിന്റ് വീതമാണുള്ളത്. എന്നാല്‍ ബ്ലാസ്റ്റേസ് ഗോള്‍ വ്യത്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെയാണ് തോല്‍പ്പിച്ചത്. 3-1നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. 82ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്നി ഇരട്ട ഗോളുമായി ബ്ലാസ്റ്റേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയായിരുന്നു. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലറില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറികടന്ന് ബംഗളൂരു എഫ്‌സി