Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിലിറങ്ങും, എതിരാളികള്‍ എഫ്‌സി ഗോവ; ഗോള്‍ നേടിയതിന്‍റെ ആവേശത്തില്‍ സഹല്‍

കഴിഞ്ഞ മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോൾ നേടിയതിന്‍റെ ആത്മവിശ്വാസത്തില്‍ സഹൽ അബ്ദുൾ സമദ്

ISL 2022 23 Ivan Vukomanovic and Sahal Abdul Samad press conference ahead Kerala Blasters vs FC Goa match
Author
First Published Nov 12, 2022, 7:07 PM IST

കൊച്ചി: ഐഎസ്എൽ ഒന്‍പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാളെ ഹോം മത്സരം. സീസണിലെ ആറാം മത്സരത്തിൽ എഫ്‌സി ഗോവയാണ് എതിരാളികള്‍. നാല് കളിയിൽ 9 പോയിന്‍റുള്ള ഗോവ മൂന്നാമതും അഞ്ച് കളിയിൽ 6 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തുമാണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഞായറാഴ്‌ച ഇറങ്ങുക. കഴിഞ്ഞ രണ്ട് ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ടീം തോറ്റിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ കൗണ്ടറിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-എഫ്‌സി ഗോവ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

ആത്മവിശ്വാസത്തോടെ സഹല്‍

കഴിഞ്ഞ മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോൾ നേടിയതിന്‍റെ ആത്മവിശ്വാസത്തോടെയാണ് എഫ്‌സി ഗോവയ്ക്കെതിരെ ഇറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് പറഞ്ഞു. ടീം സന്തുലിതമാണെന്നും മികച്ച മത്സരം പുറത്തെടുക്കുമെന്നും കോച്ച് ഇവാൻ വുകോമനോവിച്ചും കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർച്ചയായ തോൽവികളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തിരിച്ചുവരവിന്‍റെ പാതയിലെത്തിച്ചത് സഹലിന്‍റെ ഇരട്ട ഗോൾ പ്രകടനമായിരുന്നു. രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു ഗോള്‍ നേട്ടം. ലീഗിൽ മോശം ഫോമിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിനും സഹലിനും നോർത്ത് ഈസ്റ്റിനെതിരായ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകിയിട്ടുള്ളത്. 

ബിജോയ്ക്ക് അവസരം വരുമെന്ന് ആശാന്‍ 

കഴി‌ഞ്ഞ സീസണിൽ ഗോവയെ തകർക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. മികച്ച യുവനിരയായിരുന്നു അന്ന് നേട്ടമൊരുക്കിയത്. അന്ന് കൂടുതൽ ക്ലീൻ ഷീറ്റും ബ്ലാസ്റ്റേഴ്സിനാണ്. പക്ഷെ ഇത്തവണ പ്രതിരോധം അത്ര മികച്ചതല്ല. ടൂർണ്ണമെന്‍റിലെ മികച്ച ടീമിനെ നേരിടുമ്പോൾ നല്ല കളി പുറത്തെടുക്കാൻ തന്നെയാണ് ശ്രമിക്കുന്നതെന്ന് കോച്ച് ഇവാൻ പറഞ്ഞു. 'പ്രതിരോധത്തിലും മുന്നേറ്റത്തിലും ഉള്ള പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ ഓരോ മത്സരം കഴിയുമ്പോഴും ശ്രമിക്കുന്നുണ്ട്. താരങ്ങളെല്ലാം പരുക്കിൽ നിന്ന് മോചിതരാണ്. സന്തുലിതമാണ് ടീം. ബിജോയ് അടക്കമുള്ള പ്രതിരോധ താരങ്ങൾ മികച്ചവരാണെന്നും വരും മത്സരങ്ങളിൽ അവസരം നൽകുമെന്നും' ഇവാൻ പറഞ്ഞു. 

ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത് വലിയ ആകാംക്ഷ, ഇത്തവണ എഫ്‍സി ഗോവ കപ്പുയര്‍ത്തും: മുഹമ്മദ് നെമില്‍

Follow Us:
Download App:
  • android
  • ios