ജെ ആൻഡ് കെ ബാങ്ക് ഫുട്ബോൾ അക്കാദമിയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ താരമാണ് ഡാനിഷ് ഫാറൂഖ്

കൊച്ചി: ഐഎസ്എല്ലില്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോ അടയ്‌ക്കുന്നതിന് തൊട്ടുമുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. ബെംഗളൂരു എഫ്‌സിയുടെ മധ്യനിര താരമായിരുന്ന ഡാനിഷ് ഫാറൂഖിനെ ബ്ലാസ്റ്റേഴ്‌സ് പാളയത്തിലെത്തിച്ചു. താരത്തിന്‍റെ ട്രാൻസ്‌ഫർ തുക വെളിപ്പെടുത്തിയിട്ടില്ല. വിൻറർ ട്രാൻസ്ഫർ വിൻഡോയിലൂടെ ബ്ലാസ്റ്റേഴ്‌സിലെത്തുന്ന 26കാരനായ ഡാനിഷ് ഫാറൂഖിക്ക് 2026 വരെ ക്ലബില്‍ കരാര്‍ നല്‍കിയിട്ടുണ്ട്. 

ജെ ആൻഡ് കെ ബാങ്ക് ഫുട്ബോൾ അക്കാദമിയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ താരമാണ് ഡാനിഷ് ഫാറൂഖ്. പിന്നീട് ലോൺ സ്റ്റാർ കശ്മീർ എഫ്സിയിലെത്തിയ താരം 2016ൽ റിയൽ കശ്മീരിൽ എത്തുന്നതിനു മുമ്പ് ലോൺ സ്റ്റാറിനായി 18 മത്സരങ്ങൾ കളിച്ചു. ഹീറോ ഐ ലീഗ് രണ്ടാം ഡിവിഷനിലെ ടോപ്പ് സ്‌കോററും ടോപ്പ് അസിസ്റ്റ് പ്രൊവൈഡറുമായ ഡാനിഷ് ഫാറൂഖ് റിയൽ കശ്മീർ എഫ്സിയെ 2017/18 സീസണിൽ ഐ ലീഗിലേക്ക് യോഗ്യത നേടാന്‍ വഴിയൊരുക്കി. റിയൽ കശ്മീരിൽ 5 വർഷം ചെലവഴിച്ചതിന് ശേഷമാണ് ഡാനിഷിനെ ബെംഗളൂരു എഫ്‌സി രണ്ട് വർഷത്തെ കരാറിൽ സ്വന്തമാക്കിയത്. ഐഎസ്എല്ലിലെത്തിയ ശേഷം 27 മത്സരങ്ങൾ കളിച്ച താരം നാല് ഗോളുകൾ നേടി. കരുത്തുറ്റ ശരീരപ്രകൃതിയും സ്‌കോറിങ് ശേഷിയും ഡ്രിബ്ലിങ് കഴിവും കൊണ്ട് കശ്‌മീരി റൊണാള്‍ഡോ എന്നാണ് ഡാനിഷ് ഫാറൂഖിനുള്ള വിശേഷണം. 

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമാവുന്നതിൽ ആവേശഭരിതനാണെന്ന് ഡാനിഷ് ഫാറൂഖ് പ്രതികരിച്ചു. കൊച്ചിയിലെ ഹോം സ്റ്റേഡിയം ഗംഭീരമാണെന്നും വിഖ്യാത മഞ്ഞക്കുപ്പായം അണിയാനായി കാത്തിരിക്കുകയാണെന്നും ഡാനിഷ് ഫാറൂഖ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 3ന് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഡാനിഷ് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലേ ഓഫിനരികെ നില്‍ക്കുന്ന മഞ്ഞപ്പടയ്ക്ക് ആവേശം പകരുന്നതാണ് ഡാനിഷ് ഫാറൂഖിന്‍റെ വരവ്. അതേസമയം ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കാനിരിക്കെ ഒരു കൂടുമാറ്റം പ്രഖ്യാപിച്ചിട്ടുണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ഗിവ്‍സൺ സിംഗ് ചെന്നൈയിൻ എഫ്സിയിലേക്ക് ലോൺ അടിസ്ഥാനത്തിൽ പോകും. സീസൺ അവസാനിക്കുന്നത് വരെയാണ് കരാർ.

Scroll to load tweet…

അക്കാര്യത്തില്‍ ഒട്ടും പരിഭവമില്ല! ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ കരണ്‍ജിത്തിന് മുഖ്യം ടീമിന്റെ ജയം മാത്രം