അവസാന മത്സരത്തില്‍ കൊച്ചിയില്‍ എഫ്‌സി ഗോവയെ 3-1ന് തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്
ഹൈദരാബാദ്: ഐഎസ്എല്ലിൽ തുടർച്ചയായ മൂന്നാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് അല്‍പസമയത്തിനകം ഇറങ്ങും. എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് എതിരാളികള്‍. ഹൈദരാബാദില്‍ ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. ഹൈദരാബാദിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ആറ് കളിയില്‍ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഹൈദരാബാദ് എഫ്‌സി 16 പോയിന്‍റുമായി നിലവിലെ ഒന്നാംസ്ഥാനക്കാരാണ്. 9 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാമതും.
കരുത്തുറ്റ ഇലവന്‍
മത്സരത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെ പിയും ആദ്യ ഇലവനിലുണ്ട്. ദിമിത്രിയോസും അഡ്രിയാന്‍ ലൂണയും കല്യൂഷ്‌നിയും ലെസ്‌കോവിച്ചും കളിക്കുമ്പോള്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്ലാണ് ഗോള്‍ബാറിന് കാവല്‍ക്കാരന്‍.
കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവന്‍: പ്രഭ്‌സുഖന്‍ സിംഗ് ഗില്‍(ഗോളി), നിഷു കുമാര്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം, സന്ദീപ് സിംഗ്, ഇവാന്‍ കല്യൂഷ്‌നി, ജീക്‌സണ്‍ സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ പി, ദിമിത്രിയോസ്, അഡ്രിയാന്‍ ലൂണ.
അവസാന മത്സരത്തില്‍ കൊച്ചിയില്‍ കരുത്തരായ എഫ്‌സി ഗോവയെ 3-1ന് തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ഹൈദരാബാദാവട്ടെ അവസാന കളിയില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്‌ത്തി. സീസണില്‍ ഹൈദരാബാദ് ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കടുത്ത പോരാട്ടം ഹൈദരാബാദില്‍ ഇന്ന് പ്രതീക്ഷിക്കാം.
