ഈ മാസം 16ന് യുഎഇയിൽ എത്തുന്ന ബ്ലാസ്റ്റേഴ്സ് 20, 25, 28 തീയതികളിലാകും സന്നാഹ മത്സരത്തിന് ഇറങ്ങുക

കൊച്ചി: ഐഎസ്എൽ സീസണിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ സീസൺ മത്സരങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ യുഎഇയിലേക്ക് യാത്ര തിരിക്കും. പരിശീലനത്തിൽ കൊച്ചിയിലെ ക്യാമ്പും സജീവമാണ്.

കഴിഞ്ഞ വർഷം കലാശപ്പോരിൽ നഷ്ടമായ കിരീടം പിടിച്ചെടുക്കാൻ ആണ് ഇവാൻ വുകോമനോവിച്ചും സംഘവും ഇത്തവണ ഇറങ്ങുന്നത്. കൊച്ചി പനമ്പള്ളി നഗറിലെ ക്യാമ്പിൽ താരങ്ങൾ എല്ലാം സജ്ജർ. പ്രധാന താരങ്ങളെല്ലാം പരിശീലനത്തിൽ സജീവമായിക്കഴിഞ്ഞു. അഞ്ച് വിദേശ താരങ്ങളാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉള്ളത്. ഒരാളെക്കൂടി ടീമിലെത്തിക്കാൻ ചർച്ചകൾ തുടരുകയാണ്. ഡുറന്‍റ് കപ്പ് പോരാട്ടത്തോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിൻറെ സീസണിന് തുടക്കമാവുക. ശക്തരായ എതിരാളികളുമായി മൽസരപരിചയം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് യുഎഇ പര്യടനം. പ്രധാന താരങ്ങൾ എല്ലാം യുഎഇയില്‍ എത്തും. യുഎഇയിലെ മൂന്ന് ക്ലബുകളോട് ബ്ലാസ്റ്റേഴ്സ് സന്നാഹ മത്സരം കളിക്കും. ഈ മാസം 16ന് യുഎഇയിൽ എത്തുന്ന ബ്ലാസ്റ്റേഴ്സ് 20, 25, 28 തീയതികളിലാകും സന്നാഹ മത്സരത്തിന് ഇറങ്ങുക. മലയാളി താരങ്ങളും ക്യാമ്പിൽ സജീവമായുണ്ട്. 

ആവേശം വിതറാന്‍ മഞ്ഞപ്പട

ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും. പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ 2024 വരെ നീട്ടിയത് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്. ഹോര്‍ഗെ പേരേര ഡിയാസിനെ മുംബൈ സിറ്റി എഫ്‌സി റാഞ്ചിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ ആറ് ഗോളും ഏഴ് അസിസ്റ്റുമായി തിളങ്ങിയ താരമാണ് ലൂണ. 

വരും സീസണില്‍ ഏറെ പ്രതീക്ഷയോടെയാണ് മഞ്ഞപ്പട ആരാധകര്‍. കൊച്ചിയില്‍ പറന്നിറങ്ങിയപ്പോഴേ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് ഗംഭീര സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത; പേരേര ഡിയാസ് പോയാലും ലൂണ തുടരും, കരാര്‍ പുതുക്കി