ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്സിയാണ് എതിരാളികൾ

ബെംഗളൂരു: ഐഎസ്എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങളുള്ള ദിവസമാണ്. ആദ്യ മത്സരത്തിൽ തുടർച്ചയായ നാലാം ജയം തേടി ബെംഗളൂരു എഫ്സി ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് മത്സരം. 15 കളിയിൽ 19 പോയിന്‍റുള്ള ബെംഗളൂരു ഏഴാം സ്ഥാനത്താണ്. 14 കളിയിൽ 17 പോയിന്‍റുള്ള ചെന്നൈയിൻ എട്ടാം സ്ഥാനത്തും. 12 നേർക്കുനേർ പോരാട്ടത്തിൽ ആറ് എണ്ണത്തിൽ ബെംഗളൂരുവും മൂന്ന് മത്സരങ്ങളിൽ ചെന്നൈയിനുമാണ് ജയിച്ചത്. മൂന്ന് മത്സരം സമനിലയിലായി.

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ അഞ്ചാം സ്ഥാനത്തുള്ള എടികെ മോഹൻ ബഗാന് ആറാം സ്ഥാനത്തുള്ള ഒഡിഷ എഫ്സിയാണ് എതിരാളികൾ. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഓരോ മത്സരവും ടീമുകൾക്ക് നിർണായകമാണ്. എടികെയ്ക്ക് 24 ഉം ഒഡിഷയ്ക്ക് 22 ഉം പോയിന്‍റുകള്‍ വീതമാണുള്ളത്. 

തിരിച്ചെത്തി ജംഷഡ്‌പൂരിനെ വീഴ്‌ത്തി മുംബൈ

ഐഎസ്എല്ലിൽ മുംബൈ സിറ്റി ഇന്നലത്തെ മത്സരത്തോടെ തുടർച്ചയായ പതിനൊന്നാം ജയം സ്വന്തമാക്കി. ജംഷഡ്പൂരിനെ എവേ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മുംബൈ തോൽപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് മുംബൈയുടെ തിരിച്ചുവരവ്. 66-ാം മിനുറ്റിൽ ബോറിസ് സിംഗ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. എൺപതാം മിനുറ്റിൽ ചാങ്തേയുടെ ഗോളിലൂടെ മുംബൈ ഒപ്പമെത്തി. 86-ാം മിനുറ്റിൽ വിക്രം സിംഗാണ് മുംബൈയുടെ വിജയഗോൾ നേടിയത്. 16 കളിയിൽ 42 പോയിന്‍റുമായാണ് മുംബൈ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത് നാളെ ഇറങ്ങും. നാളെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് ഗോവയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. അവസാന രണ്ട് കളിയും തോറ്റാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. 

പ്ലേഓഫിലെത്താനായി പ്രയത്നിക്കും; ആരാധകര്‍ക്ക് ഉറപ്പ് നല്‍കി ബ്ലാസ്റ്റേഴ്‌സിന്‍റെ ദിമിത്രിയോസ്