പ്രതിരോധനിരയില്‍ സുവം സെന്നിന്‍റെ പ്രകടനമാണ് കരുത്തരായ ചെന്നൈയിനെ പിടിച്ചു കെട്ടാന്‍ ഈസ്റ്റ് ബംഗാളിനെ തുണച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നി കളിച്ച ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ കുറച്ചു കൂടി ആക്രമണത്വര പുറത്തെടുത്തെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) ചെന്നൈയിന്‍ എഫ്‌സിയെ(Chennaiyin FC) ഗോള്‍രഹിത സമനിലയില്‍ തളച്ച് ഈസ്റ്റ് ബംഗാള്‍ എഫ്‌സി(East Bengal FC). ഇരു ടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചപ്പോള്‍ മത്സരത്തില്‍ ഗോളുകളൊന്നും പിറന്നില്ല. ചെന്നൈയിന്‍ എഫ് സി നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്‍റെ പ്രതിരോധ മതിലില്‍ തട്ടി അതെല്ലാം തകര്‍ന്നു.

പ്രതിരോധനിരയില്‍ സുവം സെന്നിന്‍റെ പ്രകടനമാണ് കരുത്തരായ ചെന്നൈയിനെ പിടിച്ചു കെട്ടാന്‍ ഈസ്റ്റ് ബംഗാളിനെ തുണച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണമായും പ്രതിരോധത്തിലൂന്നി കളിച്ച ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ കുറച്ചു കൂടി ആക്രമണത്വര പുറത്തെടുത്തെങ്കിലും അതൊന്നും ഗോളിലേക്ക് എത്തിയില്ല.

75-ാം മിനിറ്റില്‍ സുവര്‍ണാവസരം ഈസ്റ്റ് ബംഗാള്‍ നഷ്ടമാക്കുകയും ചെയ്തു. ആമിര്‍ ഡെര്‍സിവിച്ച് നല്‍കിയ ക്രോസില്‍ തലവെക്കാന്‍ രാജു ഗെയ്ക്‌വാദ് പരാജയപ്പെട്ടതാണ് ഈസ്റ്റ് ബംഗാളിന്‍റെ വിജയസാധ്യത അടച്ചത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഫിനിഷിംഗിലെ പോരായ്മയാണ് ചെന്നൈയിന് തിരിച്ചടിയായത്. സമനിലയായെങ്കിലും സീസണില്‍ തോല്‍വിയറിയാത്ത ടീമെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ചെന്നൈയിനായി. ആദ്യ വിജയത്തിനായുള്ള ഈസ്റ്റ് ബംഗാളിന്‍റെ ഈ സീസണില്‍ ഇപ്പോഴും കുടരുകയാണ്.

സമനില വഴങ്ങിയെങ്കിലും മൂന്ന് കളികളില്‍ ഏഴ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ചെന്നൈയിനായി. സമനിലയോടെ ഈസ്റ്റ് ബംഗാള്‍ ഒരു സ്ഥാനം ഉയര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്തെത്തി.