കൊല്‍ക്കത്ത: കൊറോണ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കും. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ശനിയാഴ്ച്ച വൈകിട്ട് 7.30 ചെന്നൈയിന്‍ എഫ്‌സിയും എടികെയും തമ്മിലാണ് മത്സരം. നേരത്തെ ഐപിഎല്‍ മത്സരങ്ങളും ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.

ഐ ലീഗില്‍ ഞാനറാഴ്ച നടക്കാനിലിക്കുന്ന മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ ഗ്ലാമര്‍ പോരും അടച്ചിട്ട സ്‌റ്റേഡിയത്തിലാവും നടക്കുക. അടുത്ത സീസണില്‍ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ക്ലബായ എടികെയില്‍ ലയിക്കുന്നത് കാരണം അവസാന ഔദ്യോഗികമായ കൊല്‍ക്കത്ത ഡെര്‍ബി ആയിരിക്കുമിത്. ഇങ്ങനെയൊരു മത്സരം കാണികളില്ലാതെ നടക്കുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ്.

കൊറോണ ഭീതിയെ തുടര്‍ന്ന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം രാജ്യത്തെ വിവിധ കായിക സംഘടനകളോട്, മത്സരങ്ങള്‍ കാണികളില്ലാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.