പുലർച്ചെ അഞ്ചരയോടെ ഉദുമയ്‌ക്കടുത്ത് വച്ചാണ് ബൈക്കിൽ മിനിലോറിയിടിച്ച് ജംഷീറും മുഹമ്മദ് ഷിബിലും മരണമടഞ്ഞത്
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കിരീടപ്പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ടീമും മഞ്ഞപ്പട (Manjapada) ആരാധകരും കണ്ണീരിലാണ്. ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഫൈനല്‍ കാണാന്‍ ഗോവയിലേക്കുള്ള യാത്രയ്‌ക്കിടയിലാണ് ആരാധകരായ മലപ്പുറം സ്വദേശികള്‍ ജംഷീർ, മുഹമ്മദ് ഷിബിൽ എന്നിവര്‍ അപകടത്തില്‍ മരണമടഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ദുഖത്തിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ബെംഗളൂരു എഫ്‌സി.
പുലർച്ചെ അഞ്ചരയോടെ ഉദുമയ്‌ക്കടുത്ത് വച്ചാണ് ബൈക്കിൽ മിനിലോറിയിടിച്ച് ജംഷീറും മുഹമ്മദ് ഷിബിലും മരണമടഞ്ഞത്. ഐഎസ്എൽ ഫൈനൽ കാണാൻ ഗോവിലേക്ക് പോകുകയായിരുന്ന സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച KL 65 R 0017 ബുള്ളറ്റാണ് അപകടത്തിൽപ്പെട്ടത്. ബുള്ളറ്റ് ഹൈദരാബാദ് എഫ്സി താരം അബ്ദുൽ റബീഹിന്‍റേതാണ്. റബീഹിന്‍റെ അടുത്ത ബന്ധുവാണ് മരിച്ച മുഹമ്മദ് ഷിബിൽ.
കന്നിക്കിരീടം കേരളത്തിലെത്തുമോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മത്സരത്തിന് മുമ്പ് പരിക്ക് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിര്‍ണായക സമയത്ത് രണ്ട് സൂപ്പര്‍ താരങ്ങള്‍ പരിക്കിന്‍റെ പിടിയിലാണ്. ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ മുഖ്യപങ്കുവഹിച്ച അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം സഹല്‍ അബ്‌ദുല്‍ സമദും കളിക്കുന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം തുടരുകയാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.
