ഹൈദരാബാദ്: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ താരമായിരുന്ന വിങ്ങര്‍ ഹാളിചരന്‍ നര്‍സാരി ഇനി ഹൈദരാബാദ് എഫ്‌സിയില്‍. രണ്ട് വര്‍ഷത്തേക്കാണ് ഇരുപത്തിയാറുകാരനായ താരത്തിന്‍റെ കരാര്‍. നേരത്തെ സുബ്രതാ പോളിനെയും ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദിനൊപ്പം കളിക്കാനാകുന്നത് വലിയ സന്തോഷം നല്‍കുന്നു എന്നാണ് അസമില്‍ നിന്നുള്ള താരത്തിന്‍റെ പ്രതികരണം. 'ഹൈദരാബാദ് പുതിയ ടീമാണ്, വ്യക്തിപരമായി വലിയ വെല്ലുവിളിയാണിത്. പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയെ തുടക്കം മുതല്‍ അറിയാം. അദേഹത്തിന്‍റെ കളിശൈലി തന്നെ പ്രചോദിപ്പിക്കുന്നതായും' ഹാളിചരന്‍ നര്‍സാരി പറഞ്ഞു. 

ഐഎസ്എല്ലില്‍ നാല് ടീമിനായി കളിച്ചിട്ടുള്ള നര്‍സാരി 59 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നര്‍സാരി രാജ്യത്തിനും ക്ലബുകള്‍ക്കും വലിയ മുതല്‍ക്കൂട്ടാണ്. ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിക്കായി വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ നര്‍സാരിക്ക് സാധിക്കും' എന്നുമാണ് പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയുടെ പ്രതികരണം. 

2010ല്‍ ഐലീഗ് ക്ലബ് പൈലന്‍ ആരോസിലൂടെയാണ് നര്‍സാരി അരങ്ങേറുന്നത്. 2013ല്‍ ഗോവന്‍ വമ്പന്‍മാരായ ഡെംപോയിലെത്തി. ഐഎസ്എല്ലില്‍ എഫ്‌സി ഗോവയ്‌ക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുമായി കളിച്ചു. കഴിഞ്ഞ രണ്ട് സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായാണ് താരം പന്തു തട്ടിയത്. ചെന്നൈയിനായി ലോണിലും കളിച്ചു. 2015 മുതല്‍ ഇന്ത്യന്‍ ടീമിലുമുണ്ട് നര്‍സാരിയുടെ സ്ഥിരം സാന്നിധ്യം. 

സൂപ്പര്‍ താരങ്ങളുടെ പിന്‍മാറ്റത്തിനിടെ യുഎസ് ഓപ്പണിന് ആശ്വാസം; ജോക്കോവിച്ച് കളിക്കും