ജംഷഡ്‌പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ ജയത്തിനായി ഹൈദരാബാദ് എഫ്‌സി ഇനിയും കാത്തിരിക്കണം. ജംഷഡ്‌പൂരിനെതിരെ നടന്ന മത്സരത്തില്‍ 3-1ന് ഹൈദരാബാദ് പരാജയപ്പെട്ടു. 

സ്വന്തം തട്ടകത്തില്‍ 34-ാം മിനുറ്റില്‍ ഫാഖൂഖ് ചൗധരിയിലൂടെ ജെംഷഡ്‌പൂര്‍ ലീഡ് പിടിച്ചു. 62-ാം മിനുറ്റില്‍ അനികേത് ജാദവും 75-ാം മിനുറ്റില്‍ സെര്‍ജിയോ കാസ്റ്റെലും ലക്ഷ്യത്തിലെത്തി. ഹൈദരാബാദിനായി 45+1 മിനുറ്റില്‍ മാര്‍സലീഞ്ഞോയാണ് ഏക ഗോള്‍ നേടിയത്. ഐഎസ്എല്ലില്‍ മാര്‍സലീഞ്ഞോയുടെ 25-ാം ഗോളും ഹൈദരാബാദിനായുള്ള ആദ്യ ഗോളുമാണിത്. തുടര്‍ച്ചയായ രണ്ടാം ജയമാണ് ജംഷഡ്‌പൂര്‍ നേടിയത്.

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ജംഷ‌ഡ്‌പൂര്‍ മുന്നിലെത്തി. ജെംഷഡ്‌പൂരിന് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്‍റായി. ഒരു മത്സരത്തിലും ജയിക്കാനാവാത്ത ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. എഫ്‌സി ഗോവ രണ്ടാമതും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മൂന്നാം സ്ഥാനക്കാരുമാണ്.