കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(ജിസിഡിഎ)ക്കെതിരേയും കൊച്ചിന്‍ കോര്‍പറേഷനെതിരേയും ആഞ്ഞടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. കലൂര്‍ സ്റ്റേഡിയത്തിന്റെ വാടക 20 ശതമാനമാണ് ഇത്തവണ കൂട്ടി ചോദിച്ചത്. എന്നാല്‍, മേടിക്കുന്ന തുക അവര്‍ എന്താണ് ചെയ്യുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരേന്‍ ഡിസില്‍വ. ജിസിഡിഎയുടെയും കൊച്ചിന്‍ കോര്‍പറേഷന്റെയും ശത്രുതാപരമായ നിലപാടുകളാണ് ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടാന്‍ തീരുമാനിച്ചതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഡിയത്തിന്റെ അടിസ്ഥാനസൗകര്യങ്ങളൊന്നും മെച്ചപ്പെടുത്താതെ ഓരോ തവണയും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്റ്റേഡിയം നല്ല രീതിയില്‍ സൂക്ഷിക്കാന്‍ ക്ലബ് പണിയെടുക്കുമ്പോള്‍ ജിസിഡിയെ കാശ് വാങ്ങി പോക്കറ്റിലിട്ട് സുഖിക്കുന്നു. സമയാസമയങ്ങളില്‍ വാടക കൂട്ടിച്ചോദിക്കും. കോംപ്ലിമെന്ററി പാസുകള്‍ വേണം. അങ്ങനെ നീളുന്നു ഇരുവരുടെയും പ്രവര്‍ത്തികള്‍.

സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ജിസിഡിഎ അല്ല. മറിച്ച് ബ്ലാസ്റ്റേഴ്സാണ്. ഐഎസ്എല്‍ ആറാം സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് സ്റ്റേഡിയത്തിലെ അവസ്ഥ പരിതാപകരമായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങള്‍. പൊടിപിടിച്ച ശുചിമുറികള്‍. വെള്ളം വരാത്ത ടാപ്പുകള്‍. ചലിക്കാത്ത ലിഫ്റ്റുകള്‍. വിള്ളല്‍വീണ റാംപുകള്‍ അങ്ങനെ പരിമിതികളുടെ നടുവില്‍ ഫ്‌ളഡ്‌ലൈറ്റിന്റെ കാലുകള്‍ തുരുമ്പെടുത്തിരുന്നു.  ഫയര്‍ റെസ്‌ക്യൂ ഉപകരണങ്ങളെല്ലാംതന്നെ ഉപയോഗശൂന്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കണമെന്നുള്ളതിനാലും ആതിഥേയരെന്ന നിലയിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതില്‍ പലതും നന്നാക്കി. അതിനു കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാടകയിനത്തില്‍ കഴിഞ്ഞ വര്‍ഷം വരെ അഞ്ചു ലക്ഷം രൂപയാണ് നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ ആറു ലക്ഷം രൂപയാണ് നല്‍കിയത്. ഓരോ മത്സരത്തിനുമാണ് ആറു ലക്ഷം രൂപ.

അഞ്ചാം സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ജിസിഡിഎയ്ക്കു നല്‍കിയത് ഒരു കോടി രൂപയാണ്.  അതു കൂടാതെയാണ് അഞ്ചു ലക്ഷം രൂപ വാടക. എല്ലാവിധ നവീകരണപ്രവര്‍ത്തനങ്ങളും നടത്തിയത് ബ്ലാസ്റ്റേഴ്‌സാണ്. ഇലക്ട്രിക്കല്‍, പ്ലമ്പിംഗ് ജോലികളെല്ലാം. ഇങ്ങനെ തുടങ്ങിയാല്‍ തങ്ങള്‍ക്ക് കേരളം വിട്ടുപോകുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ടാണ് ഈ സീസണോടെ കേരളം വിടാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ വിഷയത്തിലിടപെടുന്നതോടെ വിഷയത്തില്‍ ശുഭപ്രതീക്ഷയുണ്ട്. എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ ടീമാണ്. കേരളം വിട്ടാല്‍ പിന്നെ കേരള ബ്ലാസ്റ്റേഴ്സില്ല. കേരളം വിടുന്നത് ടീം മാനേജ്മെന്റിനും ഏറെ സങ്കടകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് വിരേന്‍. അടുത്ത ദിവസം സംസ്ഥാന കായികമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നുണ്ട്. ശനിയാഴ്ചയായിരിക്കും യോഗം നടക്കുക. ഈ യോഗത്തില്‍ എല്ലാം ശുഭമായി കലാശിക്കുമെന്നാണ് പ്രതീക്ഷയെന്നും വിരേന്‍ പറഞ്ഞു.

ഒരു സീസണിലെ ചെലവ് 5.70 കോടി!

സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഈ വര്‍ഷം മാത്രം കേരള ബ്ലാസ്റ്റേഴ്‌സ് മുടക്കിയത് 2.2 കോടി രൂപയാണ്. മറ്റു ക്ലബ്ബുകള്‍ക്ക് ഈ തുക നല്‍കേണ്ടതില്ല. കാരണം അവിടങ്ങളിലുള്ള സ്റ്റേഡിയങ്ങള്‍ നന്നായി പരിപാലിക്കപ്പെടുന്നുണ്ട്. എല്ലാ വര്‍ഷവും ഇതുപോലെ ചെലവു വരുന്നുണ്ട്.  അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലിനും അറ്റകുറ്റപ്പണികള്‍ക്കുമായി 86 ലക്ഷം രൂപയാണ് ഈ സീസണില്‍ മുടക്കിയത്.

ടര്‍ഫ് പരിപാലനത്തിനായി 50 ലക്ഷം രൂപയും മുടക്കി. സ്റ്റേഡിയത്തിന്റെ വാടകയിനത്തില്‍ 45 ലക്ഷമാണ് കഴിഞ്ഞ വര്‍ഷം മുടക്കിയതെങ്കില്‍ ഇത്തവണ അത് 54 ലക്ഷമാകും. എന്നാല്‍, ഈ വര്‍ധനവ് ബ്ലാസ്റ്റേഴ്‌സ് അംഗീകരിക്കില്ല. ഇതുകൂടാതെ ഡെപ്പോസിറ്റ് ഇനത്തില്‍ വേറെ ഒരു 10 ലക്ഷം രൂപ  നല്‍കണം. ഈ തുക തിരിച്ചുനല്‍കേണ്ടതാണ്. എന്നാല്‍, അങ്ങനെയൊരിക്കല്‍പ്പോലും സംഭവിച്ചിട്ടില്ലെന്ന് സിഇഒ പറയുന്നു. അതായത് ഒരു സീസണ്‍ പൂര്‍ത്തിയാകുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് മുടക്കേണ്ടിവരുന്നത് ഏകദേശം 5.70 കോടി രൂപ! പലപ്പോഴും സീസണ്‍ തുടങ്ങുമ്പോള്‍ ആരാധകരും കളിപ്രേമികളുമൊക്കെ ചോദിക്കും, എന്തേ വലിയ തുകമുടക്കി താരങ്ങളെ കൊണ്ടുവരാത്തത് എന്താണെന്ന്.

എന്നാല്‍, ഇത്രയും വലിയ തുക അനാവശ്യമായി ഇവിടെ മുടക്കുമ്പോള്‍ എങ്ങനെയാണ് വന്‍കിട താരങ്ങളെ കൊണ്ടുവരാനാവുക. എല്ലാ മത്സരങ്ങളും ഫുള്‍ഹൗസായി നടക്കണമെന്നില്ല. മത്സരഫലത്തെ ആശ്രയിച്ചിരിക്കും. ടീമിന്റെ വിജയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജനം കയറുന്നത്. ടീം നന്നായി കളിച്ചില്ലെങ്കില്‍ ഭീമമായ നഷ്ടത്തില്‍ കലാശിക്കും. അതിനിടെയാണ് ഫ്രീ പാസുകള്‍ നല്‍കേണ്ടിവരുന്നത്. 50 ശതമാനം പോലും മാനേജ്‌മെന്റിനു ലഭിക്കുന്നില്ല. ഭക്ഷണം നല്‍കുന്നതിലുള്ള ചെലവും ഭീമമാണ്.