കൊച്ചി: എറണാകുളം കരുണാലയത്തിലെ അന്തേവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. നായകൻ ഓഗ്‌ബെച്ചേ കുടുംബത്തൊടൊപ്പം എത്തിയാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്.

താരങ്ങൾ അഗതി മന്ദിരത്തിലേക്കെത്തിയപ്പോൾ കരുണാലയത്തിന് ഗ്യലറിയുടെ പ്രതീതിയായിരുന്നു. മെറി ക്രിസ്തുമസ് പറഞ്ഞ് അന്തേവാസികൾ ഓഗ്‌ബെച്ചേയെയും മെസ്സി ബൗളിയെയുമെല്ലാം സ്വീകരിച്ചു. കൈ നിറയെ സമ്മാനങ്ങളുമായാണ് താരങ്ങളെത്തിയത്. പിന്നീട് കിടപ്പിലായവരുടെ മുറിയിലേക്ക്.

തിരിച്ചെത്തിയപ്പോൾ മഞ്ഞപുതച്ച ഒരു കൂട്ടം ആരാധക‍ർ താരങ്ങൾക്കായി പാട്ടുപാടി തുടങ്ങി. പാട്ട് മുറുകിയപ്പോൾ താരങ്ങൾ പതിയെ ഇരുപ്പിടംവിട്ട് എഴുന്നേറ്റു. പിന്നെ അന്തേവാസികൾക്കൊപ്പം ചെറിയ ചുവടുകൾ. തൃക്കാക്കരയിലെ അസോസിയേഷൻ കരുണാലയം ആരുമില്ലാത്തവർക്ക് ആശ്രയമായി മാറിയിട്ട് അമ്പത് വർഷമായി. നിലവിൽ 120ഓളം അന്തേവാസികൾ ഇവിടെയുണ്ട്. തൊപ്പികൾക്കും കേക്കുകൾക്കുമൊപ്പം സ്‌നേഹവും സമ്മാനിച്ച് താരങ്ങൾ മടങ്ങി.

ഐഎസ്എല്ലില്‍ ശനിയാഴ്‌ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം. ഒന്‍പത് മത്സരങ്ങളില്‍ ഏഴ് പോയിന്‍റുമായി 9-ാം സ്ഥാനക്കാരാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയ്‌ക്കെതിരെ നേടിയ ജയം മാത്രമാണ് സീസണില്‍ മഞ്ഞപ്പടയ്‌ക്കുള്ളത്.