31കാരനായ താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 14 മത്സരങ്ങളിൽ കളിച്ചു. സിപോവിച്ച് ഒരു ഗോള്‍ നേടിയിരുന്നു.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ(Kerala Blasters) ബോസ്നിയൻ താരം എനസ് സിപോവിച്ച്(Enes Sipovic) ടീം വിട്ടു. പ്രതിരോധതാരത്തിന് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ട്വീറ്റ് ചെയ്തു. 31കാരനായ താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 14 മത്സരങ്ങളിൽ കളിച്ചു. സിപോവിച്ച് ഒരു ഗോള്‍ നേടിയിരുന്നു.

അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് സൂചന നല്‍കിയിരുന്നു. കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

ഇന്ത്യന്‍ ടീമുമായി മത്സരം

ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ടീമിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് സൂചന നൽകിയിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ യൂറോപ്യൻ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യൻ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താൽപര്യമുണ്ടെന്നായിരുന്നു വുകോമനോവിച്ചിന്‍റെ വാക്കുകൾ. കഴിഞ്ഞയാഴ്ച ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ടറിയണമെന്നും ഇന്ത്യൻ ടീമിന്‍റെ ക്യാമ്പ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 

സ്റ്റിമാക്കിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കൊച്ചിയിൽ സൗഹൃദ മത്സരത്തിന് സജ്ജമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് അറിയിച്ചത്. 

ISL : ഐഎസ്എല്‍ ഒരുക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ താരത്തെ ടീമിലെത്തിച്ചു