ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്‍റെ പാസായിരുന്നു. ഗോളവസരം ഒരുക്കിയതിന് പിന്നാലെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രാഹുല്‍ ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ പരിശോധനകളില്‍ രാഹുലിന് ആറാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) എടികെ മോഹന്‍ ബഗാനെതിരായ( ATK Mohun Bagan) ആദ്യ മത്സരത്തിനിട പരിക്കേറ്റ് കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) സൂപ്പര്‍ താരം കെ.പി. രാഹുലിന്(Rahul K.P) കേരള ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായി. രാഹുലിനെ ചികിത്സയ്ക്കായി ഗോവയിലെ ടീമിന്‍റെ ബയോ ബബിളില്‍ നിന്ന് മുംബൈയിലേക്ക് മാറ്റുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുള്‍ സമദിന്‍റെ ഗോളിന് വഴിയൊരുക്കിയത് രാഹുലിന്‍റെ പാസായിരുന്നു. ഗോളവസരം ഒരുക്കിയതിന് പിന്നാലെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ രാഹുല്‍ ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ പരിശോധനകളില്‍ രാഹുലിന് ആറാഴ്ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന.

ഗോവയിലെ ബ്ലാസ്റ്റേഴ്സിന്‍റെ ബയോ ബബിളില്‍ നിന്ന് പുറത്തുകൊണ്ടുവരുന്ന രാഹുലിനെ വിദഗ്ധ ചികിത്സക്കായി മുംബൈയിലേക്ക് അയക്കുമെന്നും ബ്ലാസ്റ്റേഴ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ നാലു ഗോളിന് തോറ്റിരുന്നു.

YouTube video player

വിംഗില്‍ രാഹുലും മുന്നേറ്റനിരയില്‍ സഹലും ഒത്തിണക്കത്തോടെ കളിക്കുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയതിന് പിന്നാലെയാണ് താരത്തിന് പരിക്കേറ്റത്. 25ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം. 28ന് കരുത്തരായ ബെംഗലൂരു എഫ് സിയെയും ബ്ലാസ്റ്റേഴ്സിന് നേരിടാനുണ്ട്.