പനജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ അവസാന നിമിഷം വഴങ്ങിയ വിവാദ ഗോളില്‍ വിജയം കൈവിട്ട് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയുടെ തുടക്കത്തിലും മത്സരത്തിന്‍റെ അവസാന നിമിഷവും നേടിയ ഗോളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പൂട്ടിയത്. അവസാന നിമിഷം നോര്‍ത്ത് ഈസ്റ്റിനായി ഇദ്രിസെ സൈല നേടിയ ഗോള്‍ ഓഫ് സൈഡായിരുന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചത് ബ്ലാസ്റ്റേഴ്സിന്‍റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു.

അഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെർജിയോ സിഡോഞ്ചയുടെ ഹെഡ്ഡര്‍ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ഗാരി ഹൂപ്പര്‍ രണ്ടടി മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തിലെ(50) ക്വോസി അപ്പിയോയിലൂടെ ഒരു ഗോള്‍ മടക്കി നോര്‍ത്ത് ഈസ്റ്റ് പ്രതീക്ഷ നിലനിര്‍ത്തി.

ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധത്തിലെ ആശയക്കുഴപ്പവും ഗോള്‍ കീപ്പര്‍ ആൽബിനോ ഗോമസിന്‍റെ പിഴവുമാണ് നോര്‍ത്ത് ഈസ്റ്റിന് ഗോളിലേക്കുള്ള പിറന്നത്. ഒരു ഗോള്‍ മടക്കിയതോടെ വര്‍ധിത വീര്യത്തോടെ നോര്‍ത്ത് ഈസ്റ്റ് ആക്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പതറാതെ പിടിച്ചു നിന്നു. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി അപ്പിയോ പുറക്കേത്ത് അടിച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി.

ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ജയത്തിലേക്ക് മിനിറ്റുകളുടെ മാത്രം അകലമുള്ളപ്പോള്‍ ഇദ്രിസ സൈല നോര്‍ത്ത് ഈസ്റ്റിന്‍റെ രണ്ടാം ഗോള്‍ നേടി മഞ്ഞപ്പടയുടെ വിജയപ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യപകുതിയിലെ ഒത്തിണക്കവും ആധിപത്യവും രണ്ടാം പകുതിയില്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിയാതിരുന്നതാണ് തിരിച്ചടിയായത്.

കളി ചൂടുപിടിക്കും മുമ്പെ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ച് ബ്ലാസ്റ്റേഴ്സ് നല്ല തുടക്കമിട്ടു. അഞ്ചാം മിനിറ്റില്‍ പെനല്‍റ്റി ബോക്സിന് പുറത്ത് വലതു വിംഗില്‍ സെയ്ത്യാ സിംഗിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോള്‍. സെയ്ത്യാ സിംഗ് ബോക്സിലേക്ക് ഉയര്‍ത്തിക്കൊടുത്ത പന്തില്‍ ചാടി ഉയര്‍ന്ന് തലവെച്ച ബ്ലാസ്റ്റേഴ്സ് നായകന്‍ സെർജിയോ സിഡോഞ്ചയാണ് മഞ്ഞപ്പടയെ മുന്നിലെത്തിച്ചു.

എന്നാല്‍ 22-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടമാക്കിയത് മത്സരത്തില്‍ നിര്‍ണായകമായി. ആദ്യ പകുതിയില്‍ പിന്നീട് ഇരു ടീമും അക്രമിച്ച് കളിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. എന്നാല്‍ ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാം ഗോളിലേക്കുള്ള വഴി തുറന്നത്. സെയ്ത്യാ സിംഗ് എടുത്ത കോര്‍ണറില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ രണ്ട് ഗോള്‍ ശ്രമങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ച ബ്ലാസ്റ്റേഴ്സ് താരത്തെ ഫൗള്‍ ചെയ്തതിന് റഫറി പെനല്‍റ്റി വിധിച്ചു.

ഗോളവസരം നഷ്ടമാക്കിയ ഗാരി ഹൂപ്പറായിരുന്നു കിക്ക് എടുത്തത്. ഇത്തവണ ഗാരി ഹൂപ്പര്‍ക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന് മുന്നില്‍. എ ടി കെ മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെതിരെ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിനായി നിഷുകുമാറും രോഹിത് കുമാറും അരങ്ങേറ്റം കുറിച്ചപ്പോമ്പോള്‍ കഴിഞ്ഞ മത്സരം കളിച്ച മലയാളി താരം പ്രശാന്തും സഹല്‍ അബ്ദുള്‍ സമദും ആദ്യ ഇലവനില്‍ ഇറങ്ങിയില്ല.