പതിനാലാം മിനിറ്റില്‍ വിഘ്നേഷിനെ പെനല്‍റ്റി ബോക്സില്‍വ വീഴ്ത്തിയതിന് മുംബൈ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. മുപ്പതാം മിനിറ്റില്‍ ഗോവക്ക് ആദ്യ അവസരമൊരുങ്ങി.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) എഫ് സി ഗോവയെ(FC Goa) എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി നിലിവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സി(Mumbai City FC) കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം തുടങ്ങി. ആദ്യ പകുതിയില്‍ ഇഗോര്‍ അങ്കൂളോയുടെ(Igor Angulo) ഇരട്ടഗോളും രണ്ടാം പകുതിയില്‍ യാഗോര്‍ കറ്റാറ്റൗവിന്‍റെ ഗോളുമാണ് മുംബൈയുടെ ജയമുറപ്പിച്ചത്.

കളിയുടെ തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മുംബൈക്കു തന്നെയായിരുന്നു കളിയിലുടനീളം മേല്‍ക്കൈ. പത്താം മിനിറ്റിലാണ് മുംബൈക്ക് ആദ്യ അവസരം ഒരുങ്ങിയത്. എന്നാല്‍ അങ്കൂളോയുടെ ദുര്‍ബലമായ ഷോട്ടിന് ഗോവ ഗോള്‍ കീപ്പര്‍ ധീരജിനെ വിറപ്പിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല.

പതിനാലാം മിനിറ്റില്‍ വിഘ്നേഷിനെ പെനല്‍റ്റി ബോക്സില്‍വ വീഴ്ത്തിയതിന് മുംബൈ പെനല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി നിഷേധിച്ചു. മുപ്പതാം മിനിറ്റില്‍ ഗോവക്ക് ആദ്യ അവസരമൊരുങ്ങി. പക്ഷെ ഗ്ലെന്‍ മാര്‍ട്ടിന്‍സിന്‍റെ പാസ് പിടിച്ചെടുക്കാന്‍ കാബ്രറക്കായില്ല. 33-ാം മിനിറ്റില്‍ കാസിയോയെ ഇവാന്‍ ബോക്സില്‍ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത അങ്കൂളോക്ക് പിഴച്ചില്ല. മുംബൈ മുന്നിലെത്തി.

Scroll to load tweet…

രണ്ട് മിനിറ്റിനകം അങ്കൂളോയിലൂടെ തന്നെ മുംബൈ ലീഡുയര്‍ത്തി. ജാവോയുടെ പാസില്‍ നിന്ന് പ്രതിരോധകോട്ട ഭേദിച്ച് ധീരജിനെയും മറികടന്ന് അങ്കൂളോ ഗോവ വലയില്‍ പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഗോവ ഊര്‍ജ്ജിതമാക്കിയതോടെ മത്സരം ആവേശത്തിലായി. 51-ാം മിനിറ്റില്‍ ഗോവ ക്യാപ്റ്റന്‍ എഡു ബഡിയയുടെ തകര്‍പ്പന്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി.

 76-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയന്‍ താരം യാഗോര്‍ കാറ്റാറൗ തന്‍റെ ആദ്യ ടച്ച് തന്നെ ഗോളാക്കി മുംബൈക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതോടെ ഗോവയുടെ സമനില പ്രതീക്ഷകള്‍ പൊലിഞ്ഞു. ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ഗോവയുടെ ശ്രമങ്ങള്‍ മുംബൈ പ്രതിരോധത്തില്‍ തട്ടി പൊലിഞ്ഞു.