ISL : ത്രില്ലര്‍ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഒഡീഷ
എന്നാല്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം കാബ്രെറ ഒരു ഗോള്‍ കൂടി ഈസ്റ്റ് ബംഗാള്‍ വലയില്‍ നിക്ഷേപിച്ച് കളി 6-4 ഒഡീഷയുടെ പോക്കറ്റിലാക്കി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഒഡീഷ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL) ഗോള്‍ മഴ കണ്ട പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ(SC East Bengal) മറികടന്ന് ഒഡീഷ എഫ്‌സി(Odisha FC ).നാലിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം. ആദ്യ പകുതില്‍ ഒഡീഷ 3-1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ അരിദായ് കാര്‍ബെറയിലൂടെ 4-1ലീഡെടുത്ത ഒഡീഷക്കെതിരെ അവിശ്വസനീയമായി തിരിച്ചടിച്ച ഈസ്റ്റ് ബംഗാള്‍ 81-ാം മിനിറ്റില്‍ തോങ്കോയ്സിംഗ് ഹോയ്ക്കിലൂടെ ഒരു ഗോള്‍ മടക്കി.
രണ്ട് മിനിറ്റിനകം ഇസാക് വന്‍ലാറുടേഫിയയിലൂടെ 5-1ന് മുന്നിലെത്തിയ ഒഡീഷക്കെതിരെ 90ാം മിനിറ്റില്‍ ഡാനിയേല്‍ ചിമ ഒരു ഗോള്‍ കൂടി മടക്കകുകയും ഈഞ്ചുറി ടൈമില്‍ പെനല്‍റ്റിയിലൂടെ ചിമ രണ്ടാം ഗോള്‍ നേടുകയും ചെയ്തതോടെ 5-4 എന്ന സ്കോറില്‍ കളി ആവേശത്തിന്‍റെ പരകോടിയിലായി.
എന്നാല്‍ ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം കാബ്രെറ ഒരു ഗോള്‍ കൂടി ഈസ്റ്റ് ബംഗാള്‍ വലയില്‍ നിക്ഷേപിച്ച് കളി 6-4 ഒഡീഷയുടെ പോക്കറ്റിലാക്കി. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഒഡീഷ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സീസണിലെ ആദ്യ തോല്‍വി വഴങ്ങിയ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്ത് തുടരുന്നു.
തുടക്കത്തില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒഡീഷയാണ് മുന്നിട്ടു നിന്നത്. എന്നാല്‍ ആദ്യം ഗോളടിച്ചത് ഈസറ്റ് ബംഗാളായിരുന്നു. പതിമൂന്നാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് ബോക്സില്‍ നിന്ന് സിയോഡല്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ഒഡീഷയുടെ വലയില്‍ കയറി.
ആദ്യ ഗോളിന്‍റെ ആവേശത്തില്‍ ഈസ്റ്റ് ബംഗാള്‍ തുടരെ തുടരെ അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ആദ്യ ഡ്രിങ്ക് ബ്രേക്കിന് പിന്നാലെ ഒഡീഷ ഈസ്റ്റ് ബംഗാളിനെ ഒപ്പം പിടിച്ചു. ജാവി ഹെര്‍ണാണ്ടസിന്‍റെ പാസില്‍ നിന്ന് ഹെക്ടര്‍ റോഡാസ് ആണ് ഒഡീഷക്ക് സമനില സമ്മാനിച്ചത്. സമനില ഗോള്‍ കണ്ടെത്തിയതോടെ ഒഡീഷയുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ചയായി.
ആദ്യ ഗോളിന്‍റെ തനിയാവര്‍ത്തനം പോലെ 40-ാം മിനിറ്റില്‍ ജാവി-ഹെക്ടര്‍ കൂട്ടുകെട്ട് ഒഡീഷക്ക് ലീഡ് സമ്മാനിച്ചു. ജാവിയെടുത്ത കോര്‍ണറില്‍ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാള്‍ വലയില്‍ വീണ്ടും പന്തെത്തിച്ചാണ് ഹെക്ടര്‍ ഒഡീഷക്ക് ലീഡ് സമ്മാനിച്ചത്.
ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെ ജാവി ഇത്തവണ സ്കോര്‍ ചെയ്തു. ജാവിയെടുത്ത കോര്‍ണര്‍ മഴവില്ലുപോലെ ഈസ്റ്റ് ബംഗാള്‍ വലയില്‍ കയറിയപ്പോള്‍ പ്രതിരോധനിരക്ക് കാഴ്ചക്കാരായി നില്‍ക്കാനെ കഴിഞ്ഞുള്ളു. രണ്ട് ഗോള്‍ ലീഡ് വഴങ്ങിയതോടെ തളരുമെന്ന കരുതിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം പകുതിയില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്.