Asianet News MalayalamAsianet News Malayalam

പരുക്കില്‍ മുടന്തി താരങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് അങ്കലാപ്പില്‍

സുയിവര്‍ലൂണടക്കം ഏഴു താരങ്ങളാണ് പരുക്കിന്റെ പിടിയിലുള്ളത്. ജിങ്കന്‍, ജൈറോ, ആര്‍ക്കസ്, രാജു ഗെയ്‌ക്‌വാദ്, ലാല്‍റുവാതാര, ടി പി രഹ്നേഷ് എന്നിവര്‍ക്കാണ് നിലവില്‍ പരുക്കുള്ളത്.

isl players injury big threat for kerala blasters
Author
Kochi, First Published Nov 8, 2019, 1:44 PM IST

കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് ഒഡീഷ എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തലവേദനയായി താരങ്ങളുടെ പരിക്ക്. ഏഴ് താരങ്ങള്‍ക്കാണ് ഇതിനോടകം പരിക്കേറ്റിരിക്കുന്നത്. നല്ല 11 പേരെ കണ്ടെത്താന്‍ പോലും പരിശീലകന്‍ ഷട്ടോരിക്ക് ആവാത്ത അവസ്ഥ. 

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ ബാക്കായ സുയിവര്‍ലൂണിന്റെ പരുക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലിയ ആശങ്ക. സുയിവര്‍ലൂണിന്റെ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു. താരം ആറ് മുതല്‍ എട്ടാഴ്‌ച വരെ കളത്തിന് പുറത്തിരിക്കേണ്ടി വരും. സീസണ്‍ ആരംഭം മുതല്‍ പരുക്കോടെ ആയിരുന്നു സുയിവര്‍ലൂണ്‍ കളിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തോടെ അവസാന മത്സരത്തോടെ പരുക്ക് വഷളാവുകയായിരുന്നു. ഈ സീസണ്‍ തന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയുമുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് സെന്റര്‍ ബാക്കായ സന്ദേശ് ജിങ്കന്‍ പരുക്കേറ്റ് നേരത്തെതന്നെ പുറത്തായിരുന്നു. സുയിവര്‍ലൂണ്‍ കൂടി പുറത്തായതോടെ ആരെ സെന്റര്‍ ബാക്കായി കളിപ്പിക്കും എന്നത് ഷട്ടോരിക്ക് തലവേദനയാകും. ജൈറോ മാത്രമാണ് ഇപ്പോള്‍ ടീമില്‍ വിശ്വസിച്ച് ഇറക്കാന്‍ പറ്റുന്ന ഒരു സെന്റര്‍ ബാക്ക്. എന്നാല്‍, ജൈറോയും പൂര്‍ണ ഫിറ്റ്‌നെസിലേക്ക് എത്തിയിട്ടില്ല. രാജു ഗെയ്‌ക്‌വാദ്, ഹക്കു, ലാല്‍റുവത്താര എന്നിവരില്‍ ആരെങ്കിലും ഒരാള്‍ ജൈറോയ്ക്ക് ഒപ്പം ഇന്നു മുതല്‍ ഇറങ്ങേണ്ടി വരും. പരിചയ സമ്പത്തുള്ള രാജുവിനാകും കോച്ച് മുന്‍ഗണന നല്‍കുക. 

സന്ദേശ് ജിങ്കന്‍ മുംബൈയില്‍ ഡോ. ആനന്ദ് ജോഷിയുടെ ക്ലിനിക്കില്‍ വിജയകരമായി ശസ്ത്രക്രിയക്ക് വിധേയനായി എന്നത് ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയാണ്. എന്നാല്‍, നാലു മാസമെങ്കിലും വേണ്ടിവരും ജിങ്കന്  തിരിച്ചുവരാനായി. മാരിയോ ആര്‍ക്കസിന്റെയും പരുക്ക് ഇതേവരെ ഭേദമായിട്ടില്ല. സുയിവര്‍ലൂണിനെ നഷ്ടപ്പെട്ടതോടെ രാജു ഗെയ്‌ക്‌വാദ് സെന്റര്‍ബാക്ക് സ്ഥാനത്തേക്കു വരും. രാജു, ജെയ്‌റോ, ജസല്‍, റാക്കിബ് എന്നിവര്‍ കൂടിച്ചേരുന്ന പ്രതിരോധത്തിന് ഒഡീഷയ്‌ക്കെതിരേ ഉത്തരവാദിത്വങ്ങളേറും. 

മറുഭാഗത്ത് പരിക്കുകളുടെ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് ഒഡീഷ കൊച്ചിയില്‍ കളിക്കുന്നത്. ആദ്യ രണ്ടു മത്സരം തോറ്റ ഒഡീഷക്ക് മുംബൈയെ അവരുടെ നാട്ടില്‍ 4-2ന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസമുണ്ട്. അനിഡാന്‍ സന്റാന, സിസ്‌കോ എന്നീ സ്പാനിഷ് താരങ്ങള്‍ മികച്ച ഫോമിലാണ്. സന്റാനയെ തടഞ്ഞുനിര്‍ത്തുന്നതില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഏറെ ശ്രദ്ധവച്ചേ തീരൂ.

കൊച്ചിയിൽ വൈകിട്ട് 7.30നാണ് ഒഡീഷ എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം. ലീഗിലെ ആദ്യ മത്സരം കൊല്‍ക്കത്തയ്‌ക്കെതിരേ ജയിച്ചു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളിലും കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആദ്യകളിയില്‍ നേടിയ മൂന്ന് പോയിന്റില്‍ത്തന്നെ നില്‍പ്പാണ് ബ്ലാസ്റ്റേഴ്‌സ്. ഇരുടീമും 4-2-3-1 എന്ന ഫോര്‍മേഷനിലാകും കളിക്കുന്നത്. 

Follow Us:
Download App:
  • android
  • ios