കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ആറാം പതിപ്പിന് ഇന്ന് കൊച്ചിയിൽ കിക്കോഫ്. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴും എടികെയും ഏറ്റുമുട്ടും. പുതിയ പരിശീലകന്‍, പുതിയ നായകന്‍, പുതിയ തന്ത്രങ്ങള്‍ അങ്ങനെ എല്ലാം പുതുക്കിയാണ് മഞ്ഞപ്പട എത്തുന്നത്. കളത്തിന് പുറത്തെ അവകാശവാദങ്ങളിലേക്കൊതുങ്ങിയ രണ്ട് സീസണിന് ഒടുവില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന
തുടക്കമാണ് മഞ്ഞപ്പട തേടുന്നത്.

നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകന്‍ എൽക്കോ ഷാറ്റോറിയെയും നൈജീരിയന്‍ ഗോളടിയന്ത്രം ബർത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്  ആറാം സീസണ് കോപ്പുകൂട്ടിയത്. സന്തുലിതമായ ടീമെന്ന സ്വപ്നം ഒരുപരിധി വരെ മഞ്ഞപ്പട യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്.

പ്രതിരോധകോട്ടയിലെ വിശ്വസ്തന്‍ സന്ദേശ് ജിംഗാനും ചില വിദേശതാരങ്ങളും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയാണെങ്കിലും സഹലും സിഡോഞ്ചയും അടങ്ങുന്ന മധ്യനിര അധ്വാനിച്ച് കളിക്കുമെന്നുറപ്പ്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബ്ലാസ്റ്റേഴും എടികെയും ഉദ്ഘാടനമത്സരത്തിൽ നേര്‍ക്കുനേര്‍ വരുന്നത്.

2017ൽ സമനിലയും കഴിഞ്ഞ വര്‍ഷം കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന് വിജയവും നേടാനായി. വൈകീട്ട് ആറരയ്ക്ക് തുടങ്ങുന്ന ഉദ്ഘാടനച്ചടങ്ങില്‍ സൗരവ് ഗാംഗുലിയുടെയും ബോളിവുഡ് താരങ്ങളുടെയും സാന്നിധ്യം ആകര്‍ഷകമാകും. ദുൽഖര്‍ സൽമാനാണ് ഉദ്ഘാടനച്ചടങ്ങിന്‍റെ അവതാരകന്‍.