Asianet News MalayalamAsianet News Malayalam

മൂന്ന് പതിറ്റാണ്ട് നീണ്ട ഫുട്ബോള്‍ ജീവിതം, മറഡോണയുടെ അനുഗ്രഹം; വൈകാരിക വീഡിയോയുമായി മെസി

ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും കഠിനപ്രയത്നവും പങ്കിട്ടാണ് മെസിയുടെ ഹൃദയകാരിയായ കുറിപ്പും വീഡിയോയും

It is also from Diego who encouraged us from heaven Leo Messi after FIFA World Cup 2022 title
Author
First Published Dec 20, 2022, 10:31 PM IST

ബ്യൂണസ് അയേഴ്‌സ്: ഖത്തറിലെ ഫുട്ബോള്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും നന്ദി പറഞ്ഞ മെസി ഈ വിജയം മറഡോണയുടേത് കൂടിയാണ് എന്ന് കുറിച്ചു. ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങളിലെ സന്തോഷങ്ങളും സങ്കടങ്ങളും കഠിനപ്രയത്നവും പങ്കിട്ടാണ് മെസിയുടെ ഹൃദയകാരിയായ കുറിപ്പും വീഡിയോയും. മെസി അഞ്ചാം വയസില്‍ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ ക്ലബാണ് ഗ്രാന്‍ഡോളി. 

'ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ നീണ്ട 30 വര്‍ഷങ്ങള്‍. ഫുട്ബോള്‍ ഏറെ സന്തോഷവും ചില ദുഖങ്ങളും തന്ന് തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാവാന്‍ എന്നും സ്വപ്‌നം കണ്ടു. ആ ലക്ഷ്യം അവസാനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല. ഒരിക്കലും പിന്നോട്ട് വലിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പുകളിലെ നിരാശ മറക്കാനുള്ള കിരീടമാണിത്. ബ്രസീലിലും ഞങ്ങള്‍ കിരീടത്തിന് അര്‍ഹരായിരുന്നു. കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. മികച്ച ടീമും ടെക്‌നിക്കല്‍ സംഘവും അര്‍ജന്‍റീനയ്ക്കുണ്ടായി. ആരോരുമറിയാതെ അവര്‍ പകലും രാത്രിയുമില്ലാതെ കഠിനാധ്വാനം ചെയ്തു. പരാജയങ്ങളും ഈ യാത്രയുടെ ഭാഗമാണ്. സ്വര്‍ഗത്തിലിരുന്ന് പ്രചോദിപ്പിക്കുന്ന ഡീഗോ മറഡോണയുടെ വിജയം കൂടിയാണിത്. നിരാശകളില്ലാതെ വിജയം വരുക അസാധ്യമാണ്. എന്‍റെ ഹൃദയത്തില്‍ നിന്ന് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു' എന്നും മെസി കുറിച്ചു. 

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തുകയായിരുന്നു. എക്‌സ്ട്രാ ടൈമിലും മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടത് നിര്‍ണായകമായി. ചൗമെനിയുടെ ഷോട്ട് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോവുകയും ചെയ്തു എക്‌സ്ട്രാ ടൈമിന്‍റെ അവസാന നിമിഷം വമ്പന്‍ സേവുമായും എമി തിളങ്ങി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം ഇതോടെയാണ് 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയത്. 

ഫുട്ബോള്‍ ലോകകപ്പ് കിരീടവുമായി ലിയോണല്‍ മെസിയും സംഘവും അർജന്‍റീനയിലെത്തി. ബ്യൂണസ് അയേഴ്സ് വിമാനത്താവളത്തിൽ നിന്ന് തുറന്ന ബസിലാണ് ടീം ഫു‍ട്ബോൾ അസോസിയേഷൻ ആസ്ഥാനത്തേക്ക് പോയത്. ലക്ഷക്കണക്കിന് പേര്‍ മെസിയെയും സംഘത്തെയും വരവേൽക്കാൻ എത്തി.

വാമോസ്...കേക്ക് മുറിച്ച് ആഘോഷം, ഒടുവില്‍ പുള്ളാവൂരിലെ കട്ടൗട്ടുകൾ മാറ്റി

Follow Us:
Download App:
  • android
  • ios