ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ പിഴവുകൾ ടൂർണമെന്റിലുടനീളം ടീമിന് തിരിച്ചടിയായി. സ്പെയിനിനെതിരായ പിഴവിന് ശേഷം അദ്ദേഹം സ്വയം കളം വിട്ടു. പരിശീലകൻ മാഴ്സലോ ബിയേൽസയും താരങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായി.

ന്യൂയോര്‍ക്ക്: തുടർച്ചയായ രണ്ടാം തവണയാണ് മുൻ ലോകചാമ്പ്യന്മാരായ ഉറുഗ്വായ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നത്. ഗ്രൂപ്പ് എച്ചിൽ ഇന്ന് സ്പെയ്നിനോട് ഒരു ഗോളിനാണ് ഉറുഗ്വായ് തോറ്റത്. ഉറുഗ്വായ് ഗോൾകീപ്പർ ഫെർണാണ്ടോ മുസ്‍ലേരയുടെ പിഴവിലാണ് ഇന്ന് സ്‌പെയ്ൻ ഗോൾ നേടിയത്. നാല്പത്തിരണ്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും അലക്സ് ബയേന തൊടുത്ത താരതമ്യേന ചെറിയ ഷോട്ട് തടുക്കുന്നതിൽ ഫെർണാണ്ടോ മുസ്‍ലേരയ്ക്ക് പിഴച്ചതോടെയാണ് മത്സരത്തിൽ സ്‌പെയ്ൻ മുന്നിലെത്തിയത്. ഇതിന് പിന്നാലെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫെർണാണ്ടോ മുസ്‍ലേര കളം വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താനല്ല മുസ്‍ലേരയെ സബ് ചെയ്തതെന്നും, സ്വയം പിഴവ് സമ്മതിച്ച് മുസ്‍ലേര പിന്മാറിയതാണെന്നാണ് ഉറുഗ്വായ് പരിശീലകൻ മാഴ്സലോ ബിയേൽസ മത്സരശേഷം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഉറുഗ്വായ്‌യുടെ മുൻ മത്സരങ്ങളിലും മുസ്‍ലേര കാര്യമായ പിഴവുകൾ നടത്തിയത് ഉറുഗ്വായ്ക്ക് വലിയ തലവേദനയാണ് ഈ ടൂർണമെന്റിൽ സൃഷ്ടിച്ചത്. രണ്ട് സമനിലയും ഒരു തോൽവിയുമായാണ് ഉറുഗ്വായ് മടങ്ങുന്നത്. ആദ്യ കളിയിൽ സൗദിയോട് ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം മത്സരത്തിൽ ആദ്യമായി ലോകകപ്പിനെത്തിയ കേപ് വർദെയോട് രണ്ട് ഗോളിന്റെ സമനിലയാണ് വഴങ്ങിയത്. ഈ രണ്ട് മത്സരങ്ങളും ഗോളിലേക്ക് നയിച്ചത് മുസ്‍ലേരയുടെ പിഴവുകളായിരുന്നു.

അതേസമയം കോച്ച് മാഴ്സലോ ബിയേൽസയും ഉറുഗ്വായ് താരങ്ങളും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്നാണ് റിപ്പോർട്ടുകൾ. ഉറുഗ്വായ്‌യുടെ സൂപ്പർതാരം ഫെഡറിക്കോ വാൽവെർദെയെ മത്സരത്തിന്റെ അന്പത്തിയാറാം മിനിറ്റിൽ സബ് ചെയ്തതും വാൽവെർദെ ബിയേൽസയ്ക്ക് കൈകൊടുക്കാതെ പോയതും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

YouTube video player