കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ഇനി സന്ദേശ് ജിംഗാൻ ഇല്ല. ജിംഗാൻ ക്ലബ്ബ് വിട്ടതായി ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു. . പരസ്പരധാരണ പ്രകാരമാണ് വേര്‍പിരിയലെന്ന് ബ്ലാസ്റ്റേഴ്സ് വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സന്ദേശ് ഞങ്ങളുടെ കുടുംബം വിടുന്നു, പുതിയ വെല്ലുവിളികള്‍ തേടി. കഴിഞ്ഞ ആറുവര്‍ഷവും ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്.

ഇക്കാലത്തിനിടെ ജിങ്കാന്‍ രാജ്യത്തിലെ തന്നെ മികച്ച സെന്റര്‍ ബാക്കുകളില്‍ ഒരാളായി. അതില്‍ ക്ലബ്ബിന് അഭിമാനമുണ്ട്. അദ്ദേഹത്തിന്റെ യാത്രയില്‍ കൂടെചേരാനും പിന്തുണക്കാനും കഴിഞ്ഞതിലും ക്ലബ്ബിന് അഭിമാനമുണ്ട്. ഞങ്ങളുടെ വന്‍മതിലിന് ഇനിയുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഒരിക്കല്‍ ബ്ലാസ്റ്റര്‍ ആയാല്‍ എല്ലാക്കാലത്തും ബ്ലാസ്റ്റര്‍ ആയിരിക്കും-ക്ലബ്ബ് വ്യക്തമാക്കി.

മഞ്ഞപ്പയുടെ പ്രതിരോധം കോട്ടകെട്ടി കാത്ത ജിംഗാനായി വലിയൊരു ആദരവും ബ്ലാസ്റ്റേഴ്സ് ഒരുക്കി. ജിംഗാന്‍റെ 21ആം നമ്പര്‍ ജഴ്സി ഇനി ടീമില്‍ ആര്‍ക്കും നല്‍കില്ല. സച്ചിന്‍റെ പത്താം നന്പര്‍ ജഴ്സി മറ്റാര്‍ക്കും കൊടുക്കാത്തതുപോലെ. പുതിയ ക്ലബ്ബിലേക്ക് പോകുന്ന ജിങ്കാന് ആശംസകള്‍ നേര്‍ന്ന് ബ്ലാസ്റ്റേഴ്സ് എഫ് സി ഉടമ നിഖില്‍ ഭരദ്വാജും രംഗത്തെത്തി.


ആദ്യ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ജിംഗാൻ ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ്. പ്രതിഫല തുകയെ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ജിംഗാന്‍ ബ്ലാസ്റ്റേഴ്സ് വിട്ടതെതെന്നാണ് സൂചന. ഏത് ടീമിലേക്കാണ് ജിംഗാന്‍ പോകുന്നതെന്ന് വ്യക്തമല്ല.

പരുക്കേറ്റ ജിംഗാൻ കഴിഞ്ഞ  ഐഎസ്എല്‍ സീസണിൽ ഒറ്റ മത്സരത്തിലും ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് 26-കാരനായ ജിംഗാൻ.  ടീമിന്റെ മുൻ നായകന്‍ കൂടിയ ജിംഗാൻ 76 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞു.