Asianet News MalayalamAsianet News Malayalam

ഏഷ്യൻ ഫുട്ബോളിന്‍റെ ഉദയസൂര്യന്‍; രണ്ട് മുന്‍ ചാമ്പ്യന്‍മാരെ വീഴ്‌ത്തി ജപ്പാന്‍റെ അത്ഭുതം, റെക്കോര്‍ഡ്

മുൻ ചാമ്പ്യൻമാരായ ജർമനിയും സ്പെയ്‌നും ഉൾപ്പെട്ട ഗ്രൂപ്പിൽ ജപ്പാൻ തകർന്നടിയുമെന്നൊണ് എല്ലാവരും കരുതിയത്

Japan rise in FIFA World Cup 2022 after beat Germany and Spain
Author
First Published Dec 2, 2022, 10:06 AM IST

ദോഹ: ഖത്തറിലെ ഫിഫ ലോകകപ്പില്‍ രണ്ട് മുൻ ചാമ്പ്യൻമാരെ അട്ടിമറിച്ച് ഏഷ്യയുടെ അഭിമാനമായിരിക്കുകയാണ് ജപ്പാൻ. ജർമനിക്ക് പിന്നാലെ സ്പെയിനെയും വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ജപ്പാൻ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയത്. ഫുട്ബോള്‍ പ്രവചനങ്ങളെയെല്ലാം വെള്ളവരയ്ക്ക് പുറത്താക്കിയാണ് ഈ ലോകകപ്പില്‍ ജപ്പാന്‍റെ കുതിപ്പ്. 

ഖത്തറിൽ ഏഷ്യൻ ഫുട്ബോളിന്‍റെ ഉദയസൂര്യനായി മാറുകയാണ് ജപ്പാൻ. മുൻ ചാമ്പ്യൻമാരായ ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ ജപ്പാൻ തകർന്നടിയുമെന്നൊണ് എല്ലാവരും കരുതിയത്. എന്നാൽ ആദ്യ മത്സരത്തിൽ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ജപ്പാൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. കോസ്റ്റാറിക്കയോട് ഒറ്റ ഗോൾ തോൽവി നേരിട്ടതോടെ ജർമനിക്കെതിരായ വിജയത്തിന്‍റെ തിളക്കം വൺഡേ വണ്ടർ എന്ന് ചുരുക്കിയവരെ തിരുത്തി സ്‌പെയിനെതിരായ അടുത്ത മത്സരത്തില്‍ വീണ്ടും ജപ്പാൻ അത്ഭുതം കാട്ടി.

ജർമനിക്കെതിരെയും സ്പെയ്നെതിരെയും ആദ്യപകുതിയിൽ ഗോൾ വഴങ്ങിയ ശേഷം രണ്ടാംപാതിയിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ജപ്പാൻ ചരിത്രം കുറിച്ചത്. 1998 മുതൽ എല്ലാ ലോകകപ്പിലും കളിക്കുന്ന ജപ്പാൻ നാലാം തവണയാണ് പ്രീ ക്വാർട്ടറിലെത്തുന്നത്. രാജ്യത്തെ ക്ലബ് ഫുട്ബോൾ ഉടച്ചുവാർത്ത് 1991ൽ പ്രൊഫഷണൽ ലീഗിന് തുടക്കമിട്ടതോടെയാണ് ജപ്പാൻറെ കുതിപ്പ് തുടങ്ങിയത്. കരിയറിൻറെ അവസാന പടവുകളിലേക്കെത്തിയ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും പ്രധാന താരങ്ങളെയും പരിശീലകരെയും ലീഗിലെത്തിച്ച ജപ്പാൻ ഫുട്ബോളിന്‍റെ വളർച്ച റോക്കറ്റ് വേഗത്തിലായിരുന്നു. ഇന്നത് ഒരേ ലോകകപ്പിൽ രണ്ട് മുൻ ചാമ്പ്യൻമാരെ വീഴ്ത്തുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടത്തിൽ എത്തിനിൽക്കുന്നു.

ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍ ആറ് പോയിന്‍റുമായി ചാമ്പ്യന്‍മാരായപ്പോള്‍ നാല് പോയിന്‍റ് വീതമെങ്കിലും ഗോള്‍ ശരാശരിയില്‍ സ്‌പെയിന്‍ രണ്ടും ജര്‍മനി മൂന്നും സ്ഥാനത്തായി. കോസ്റ്റാറിക്കയാണ് അവസാനം. പ്രീ ക്വാർട്ടറിൽ ജപ്പാൻ ക്രൊയേഷ്യയെയും സ്പെയിൻ മൊറോക്കോയെയും നേരിടും. 

വാറിനെ ചൊല്ലി വാര്‍! ജപ്പാന്‍റെ വിജയം നിർണയിച്ച ഗോളിൽ വിവാദം; വിദഗ്‌ധര്‍ പറയുന്നത് എന്ത്?
 

Follow Us:
Download App:
  • android
  • ios