മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഗോള്‍ മഴയുമായി റയല്‍മാഡ്രിഡ്. ഗലറ്റ്‌സരയ്‌ക്കെതിരെ ആറ് ഗോളിനാണ് ജയം. യുവന്റസും ബയേണും ടോട്ടനവും ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അറ്റ്‌ലാന്റ സമനിലയില്‍ കുരുക്കി.

റോഡ്രിഗോയുടെ ഹാട്രിക്കാണ് റയലിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. കരീം ബെന്‍സേമ രണ്ടും സെര്‍ജിയോ റാമോസ് ഒരു ഗോളും നേടി. ജയത്തോടെ ഗ്രൂപ്പ് എയില്‍ ഏഴു പോയിന്റുമായി പിഎസ്ജിക്ക് പിന്നില്‍ രണ്ടാമതാണ് റയല്‍. 

ബയേണ്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒളിംപിയാകോസിനെ തോല്‍പ്പിച്ചു. ലെവന്‍ഡോസ്‌കി, പെരിസിച്ച് എന്നിവരാണ് ബയേണിനായി ഗോളുകള്‍ നേടിയത്. റഷ്യന്‍ ക്ലബ്ബായ ലുകമോട്ടീവ് മോസ്‌കോയെ തോല്‍പ്പിച്ച് യുവന്റസ് പ്രീ ക്വാര്‍ട്ടറില്‍ കടന്നു. റെഡ്സ്റ്റാറിനെ എതിരില്ലാത്ത, നാലു ഗോളില്‍ മുക്കി, ടോട്ടന്‍ഹാമും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

മാഞ്ചസ്റ്റര്‍ സിറ്റി ഇറ്റാലിന്‍ ക്ലബായ അറ്റ്‌ലാന്‍ഡയോട് സമനിലയില്‍ പിരിഞ്ഞപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് ജര്‍മന്‍ ക്ലബായ ബയേര്‍ ലെവര്‍ക്യൂസനോട് 2-1ന് പരാജയപ്പെട്ടു.