മിലാന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ ഏറെ പിറകിലുള്ള ഫിയോന്റീനയാണ് മറുപടി ഇല്ലാത്ത മൂന്ന് ഗോളിന് ഇറ്റാലിയന്‍ വമ്പന്‍മാരെ കീഴ്‌പെടുത്തിയത്. ഇതോടെ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന്റെ തോല്‍വി അറിയാതെയുള്ള കുതിപ്പിനും അവസാനമായി. 13 മത്സരങ്ങളില്‍ നിന്നും 24 പോയന്റുമായി നാലാം സ്ഥാനത്താണ് യുവന്റസ്. 

14 മത്സരങ്ങളില്‍ നിന്നും 14 പോയന്റ് നേടിയ ഫിയോന്റീന 15 ആം സ്ഥാനത്താണ് ഉള്ളത്. മത്സരത്തില്‍ എതിര്‍താരത്തെ അപകടകരമാം വിധം ഫൗള്‍ ചെയ്തതിന് ജുവാന്‍ ഗ്വാര്‍ഡാഡോക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതും യുവന്റസിന് തിരിച്ചടിയായി.

ആഴ്‌സനലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആഴ്‌സനലിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസറ്റര്‍ സിറ്റിയുടെ ജയം. ഗബ്രിയേല്‍ ജീസസ്, റിയാദ് മെഹറസ്, ഫില്‍ ഫോഡന്‍, ലാപോര്‍ട്ടെ എന്നിവരാണ് സിറ്റിക്കായി ഗോള്‍ നേടിയത്. ആഴ്‌സനല്‍ താരം അലക്‌സാണ്ട്രെ ലക്കാസെറ്റായുടേതായിരുന്നു ആശ്വാസ ഗോള്‍.