മിലാന്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകനും യുവന്‍റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ സോക്കര്‍ ഫെഡറേഷനാണ് റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും റൊണാള്‍ഡോ ഐസൊലേഷനില്‍ കഴിയും.

കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച യുവേഫ നേഷന്‍സ് ലീഗില്‍ സ്വീഡനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായി കളിക്കാന്‍ റൊണാള്‍ഡോക്കാവില്ല. നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിച്ചിരുന്നു.  

മത്സരത്തിന്‍റെ ഇടവേളയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റൊണാള്‍ഡോ ആലിംഗനം ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തിരുന്നു. യുവന്‍റസില്‍ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന ബ്ലെയ്സ് മറ്റ്യൂഡി, പൗളോ ഡിബാല, ഡാനിയേലെ റുഗാനി എന്നിവര്‍ക്കും മുന്‍ മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.