രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്. അതും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം. ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് രാഹുല്‍.
ഫറ്റോര്‍ഡ: കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം (Kerala Blasters) കെ പി രാഹുല്‍ (K P Rahul) ചെലഴിക്കുന്ന നാലാമത്തെ ഐഎസ്എല്‍ സീസണാണിത് (ISL 2021-22). 2019ലാണ് താരം ബ്ലാസ്റ്റേഴ്‌സുമായി കരാറൊപ്പിടുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് തവണ 22കാരന് കിരീടത്തില്‍ തൊടാനായില്ല. എന്നാല്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുന്നു. രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്. അതും ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള അവസരം. ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് രാഹുല്‍.
ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റഴ്‌സിന്റെ ശക്തിയെന്നാണ് രാഹുല്‍ പറയുന്നത്. യുവതാരത്തിന്റെ വാക്കുകള്‍.. ''ഒരുകാലത്ത് ഞാനും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാന്‍ ബോയ് ആയിരുന്നു. ആ ടീമിനെ ഫൈനല്‍ കളിക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവസരം ഒരുക്കിതന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
എല്ലാ ടീമുകളും കരുത്തരാണ്. അതുപോലെ ഹൈദരാബാദ് എഫ്‌സിയും. ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും പിറകിലല്ല. പറ്റാവുന്ന ടീമിനെയൊക്കെ കീഴ്‌പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. എതിരെ ആര് വരുന്നുവെന്നുള്ളത് നമ്മള്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മള്‍ നമ്മുടെ പ്രകടനം പുറത്തെടുക്കുക. അതുമാത്രമാണ് ലക്ഷ്യം.'' രാഹുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ന് പ്ലയിംഗ് ഇലവനിലെത്തുമോ എന്നുറപ്പില്ല. പകരക്കാരനായി കളിക്കാനാണ് സാധ്യത കൂടുതല്‍. അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദു സമദ് എന്നിവരുടെ കളിക്കുമോ എന്ന് നോക്കിയായിരിക്കും പ്ലയിംഗ് ഇലവനില്‍ രാഹുലിന്റെ സ്ഥാനം. സഹല്‍ ഫിറ്റാണെന്നും ഇന്നലെ പരിശീലനം ആരംഭിച്ചെന്നുമാണ് പരിശീലകന്‍ പറഞ്ഞത്. ശാരീരക ബുദ്ധിമുട്ടുകളുള്ള ലൂണ മെഡിക്കല്‍ സംഘത്തോടൊപ്പം പരിശീലകനം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ആദ്യഇലവനില്‍ സ്ഥാനം പിടിക്കുമോ എന്ന് കണ്ടറിയണം. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം.
എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.
