സൂറിച്ച്: കൊവിഡ് 19 ആശങ്ക ലോകമാകെ പടരുമ്പോള്‍ ഫിഫക്കുവേണ്ടി ഒരുമിച്ചിറങ്ങാന്‍ ഇറ്റാലിയന്‍ മുന്‍ നായകന്‍ ഫാബിയോ കന്നവാരോയും മുന്‍ ബ്രസീല്‍ സൂപ്പര്‍ താരം കക്കയും. അടുത്ത ഏതാനും ദിവസങ്ങളില്‍ ആരാധകരുമായി ഫിഫയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സംവദിക്കാനാണ് ഇരുവരും എത്തുന്നത്. 

ആരാധകരുടെ കൊവിഡ് ആശങ്കകള്‍ക്കാണ് ഇരുവരും ഫിഫയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ മറുപടി പറയുക. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകമാകെ ഫുട്ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരാധകരുമായി സംവദിക്കാനും അവരുടെ ആശങ്കകള്‍ പങ്കുവെക്കാനുമാണ് ട്വിറ്റര്‍ ഹാന്‍ഡിലിന്റെ നിയന്ത്രണം ഫിഫ പ്രമുഖ താരങ്ങളെ  ഏല്‍പിച്ചത്. 

വ്യാഴാഴ്ച മുന്‍ ബ്രസീല്‍ ഗോള്‍ കീപ്പറായ ജൂലിസോ സീസറാണ് ഫിഫയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകരുമായി നേരിട്ട് സംവദിക്കാനെത്തിയ ആദ്യ താരം. രണ്ടു തവണ വനികാ ലോകകപ്പ് നേടിയ അമേരിക്കന്‍ ടീം അംഗമായ കാര്‍ലി ലോയ്ഡ് ഈ മാസം 31 വരെ യം ആരാധകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്നുളള ദിവസങ്ങളിലാണ് കക്കയും കന്നവാരോയും ആരാധകരുമായി സംവദിക്കാനെത്തുന്നത്.