ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്

മാഡ്രിഡ്: റയല്‍ മാ‍ഡ്രിഡ് ഇതിഹാസം കരീം ബെന്‍സേമ ക്ലബ് വിടുന്നതായി ഔദ്യോഗിക സ്ഥിരീകരണം. 14 വര്‍ഷം നീണ്ട റയലിലെ കരിയറില്‍ 25 കിരീടങ്ങളുമായാണ് മുപ്പത്തിയഞ്ചുകാരനായ ബെന്‍സേമ ക്ലബിന്‍റെ പടിയിറങ്ങുന്നത്. 2022ല്‍ റയല്‍ കുപ്പായത്തില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിരുന്നു. ഇന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്ക് എതിരെ നടക്കുന്ന മത്സരമാണ് റയലിനായുള്ള കരീമിന്‍റെ അവസാന മത്സരം. 

ഹോം ടൗണ്‍ ക്ലബായ ലിയോണില്‍ നിന്ന് 2009ലായിരുന്നു റയല്‍ മാഡ്രിഡിലേക്ക് കരീം ബെന്‍സേമയുടെ വരവ്. റയല്‍ കുപ്പായത്തില്‍ 657 മത്സരങ്ങളില്‍ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് പിന്നില്‍ ക്ലബിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി. അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലീഗയും മൂന്ന് കോപ്പ ഡെല്‍ റേയും നാല് സ്‌പാനിഷ് സൂപ്പര്‍ കോപ്പകളും നാല് യുവേഫ സൂപ്പര്‍ കപ്പും അഞ്ച് ഫിഫ ക്ലബ് ലോകകപ്പും ഉയര്‍ത്തി. മറക്കാനാവാത്തതും ഐതിഹാസികവുമായ കരിയറിന് വിരാമമിടാന്‍ കരീം ബെന്‍സേമയും റയല്‍ മാഡ്രിഡും തമ്മില്‍ ധാരണയിലെത്തിയതായി ക്ലബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. 

'പ്രൊഫഷണലിസത്തിന് ഉദാഹരണമാണ് റയലിലെ ബെന്‍സേമയുടെ കരിയര്‍. ക്ലബിന്‍റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച താരം. ബെന്‍സേമയുടെ മാന്ത്രിക ഫുട്ബോള്‍ ലോകമെമ്പാടുമുള്ള എല്ലാ റയല്‍ ആരാധകരും ആസ്വദിച്ചു. അദേഹം ക്ലബിന്‍റെ ഐക്കണുകളില്‍ ഒരാളും ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളുമാണ്. ബെന്‍സേമയ്‌ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ജൂണ്‍ ആറിന് കരീം ബെന്‍സേമയ്‌ക്കുള്ള യാത്രയപ്പ് നടക്കും. ഇതില്‍ ക്ലബ് പ്രസിഡന്‍റ് പെരസ് പങ്കെടുക്കും' എന്നും റയല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഈ സീസണില്‍ റയലിനായി എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 30 ഗോളും ആറ് അസിസ്റ്റും പേരിലാക്കിയിരുന്നു. സൗദി പ്രേ ലീഗിലേക്കാണ് ബെന്‍സേമ പോവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 25 കിരീടങ്ങളുമായി റയലില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുള്ള താരങ്ങളില്‍ മാര്‍സലോയ്‌ക്കൊപ്പമാണ് ബെന്‍സേമയുടെ സ്ഥാനം. 

Real Madrid: ഓവലിലെ ടെസ്റ്റ് ഫൈനല്‍: ഇന്ത്യന്‍സമയം, ലൈവ്; അറിയേണ്ടതെല്ലാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News