കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോലിസ് സ്‌കിന്‍കിസ് നിയമിതനായി. ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവമുണ്ട് കരോലിസിന്. അദ്ദേഹത്തിന്റെ കീഴില്‍ ക്ലബ് 2017, 2018, 2019 എന്നീ വര്‍ഷങ്ങളില്‍ ലിത്വാനിയന്‍ ലീഗില്‍ ഒന്നാമതെത്തി. ഈ വര്‍ഷങ്ങളില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യത കളിക്കാനും അവര്‍ക്കായി.

കേരളത്തിലേക്ക് വരുന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കരോലിസ് തുടര്‍ന്നു... ''ഈ ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചതിന് ക്ലബ് മാനേജ്‌മെന്റിന് നന്ദി പറയുന്നു. എന്നാല്‍ ക്ലബ്ബിന്റെ കാഴ്ചപ്പാടിനും ആരാധകരുടെ അഭിനിവേശത്തിനും വിലനല്‍കും. നമ്മള്‍ ഒരുമിച്ച് ഈ ക്ലബ് വളര്‍ത്തി ഞങ്ങള്‍ക്കും പിന്തുണക്കുന്നവര്‍ക്കും അഭിമാനിക്കുന്ന ഒരു പാരമ്പര്യം സൃഷ്ടിക്കും.'' കരോലിസ് പറഞ്ഞുനിര്‍ത്തി.

ടീം തിരഞ്ഞെടുപ്പ്, സ്‌കൗട്ടിംഗ്, റിക്രൂട്ട്‌മെന്റ് എന്നീ കാര്യങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കരോലിസിന്റെ മാര്‍ഗനിര്‍ദ്ദേശം സ്വീകരിക്കും. അറിവും അനുഭവ പരിജ്ഞാനവും കേരള ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും. സുഡുവയിലെ സേവനകാലത്ത്  ടീം തിരഞ്ഞെടുപ്പിലും ആഭ്യന്തര നേതൃത്വ മാനേജുമെന്റിലും കരോലിസ് ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു.