ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്

കൊച്ചി: ഐഎസ്എല്ലില്‍(ISL) കേരളത്തിന്‍റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന്(Kerala Blasters FC) ഇനി വനിതാ ടീമും(Kerala Blasters Women Team). ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കെബിഎഫ്‌സി(KBFC) വനിതാ സീനിയര്‍ ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും. ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്. 

വരുന്നു വനിതാ ഫുട്ബോള്‍ വസന്തം

കേരള ഫുട്‌ബോൾ അസോസിയേഷൻ(കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗിൽ പങ്കെടുക്കുന്ന ടീം കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിതാ ലീഗിലേക്ക്(ഐഡബ്ല്യുഎല്‍) യോഗ്യത ലക്ഷ്യമിടുന്നു. അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനകം എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ് ലക്ഷ്യമിടുന്നു. ദേശീയ ടീമിലേക്ക് പ്രാദേശിക താരങ്ങളെ വിഭാവനം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ച്ചപ്പാട്. രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങൾക്ക് പുറമെ, പ്രാഗത്ഭ്യമുള്ള പ്രാദേശിക താരങ്ങളാണ് കൂടുതലായും ടീമിലിടം പിടിച്ചിരിക്കുന്നത്. 

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടെയും വനിതാ ടീമിന്‍റേയും ഡയറക്ടറായി റിസ്വാനെ നേരത്തേ തന്നെ ക്ലബ് നിയമിച്ചിരുന്നു. മുന്‍ താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എ.വി ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീമിന്‍റെ ആദ്യ ഹെഡ് കോച്ച്. ദീര്‍ഘകാല കരാറിലാണ് അദ്ദേഹത്തിന്റെ നിയമനം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യങ് ബ്ലാസ്റ്റേഴ്‌സ്-സ്‌പോര്‍ട്ഹുഡ് പ്രോഗ്രാമില്‍ ഇതിനകം പെൺ പ്രാതിനിധ്യമുണ്ട്. അതിനെ ഓരോ പ്രായ വിഭാഗത്തിലുള്ള ഗ്രൂപ്പാക്കി മാറ്റി, അവര്‍ക്ക് ജില്ലാ, സംസ്ഥാന തല ടൂര്‍ണമെന്റുകളിൽ കെബിഎഫ്സിയെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കുക എന്നതും ക്ലബ്ബിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ യുവ പ്രതിഭകള്‍ക്ക് സീനിയര്‍ ടീമിലേക്കും സ്ഥാനക്കയറ്റം നല്‍കും. ഓഗസ്റ്റില്‍ ആരംഭിക്കുന്ന കേരള വുമണ്‍സ് ലീഗിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം കലൂര്‍ ജവഹര്‍ലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരിക്കും പരിശീലിക്കുക. സംസ്ഥാനത്തെ വിവിധ വേദികളിലായാണ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്.

കച്ചമുറുക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ പുതിയ സീസണിനായുള്ള പണിപ്പുരയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പുരുഷ ടീം. പ്ലേമേക്കര്‍ അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ ദിവസങ്ങള്‍ മാത്രം മുമ്പ് ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിരുന്നു. യുക്രെയിന്‍ യുവതാരം ഇവാന്‍ കലിയുഷ്നി, സ്പാനിഷ് ഡിഫന്‍ഡര്‍ വിക്ടര്‍ മോംഗില്‍, ഗ്രീക്ക് ഓസ്ട്രേലിയന്‍ സ്ട്രൈക്ര്‍ അപ്പൊസ്തോലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സ് പുതുതായി സ്വന്തമാക്കിയിട്ടുള്ള വിദേശ താരങ്ങള്‍. അതേസമയം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തിളങ്ങിയ അര്‍ജന്‍റീനന്‍ താരം ഹോര്‍ഗെ പേരേര ഡിയാസിനെ മുംബൈ സിറ്റി എഫ്‌സി കൊണ്ടുപോയത് ടീമിന് തിരിച്ചടിയാണ്. 

ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ഐഎസ്എൽ സീസണിനായി ബ്ലാസ്റ്റേഴ്സ് പരിശീലനം ഉടന്‍ തുടങ്ങും. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തയ്യാറെടുപ്പ് മത്സരങ്ങള്‍ യൂറോപ്പില്‍ നടക്കുമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. കൊച്ചി സ്‌റ്റേഡിയത്തില്‍ സൗഹൃദ മത്സരങ്ങള്‍ക്കും സാധ്യതയുണ്ട്. വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം-എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പടെ ബ്ലാസ്റ്റേഴ്‌സിന്റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. ഈ സീസണിലെ മത്സരങ്ങള്‍ ഒന്‍പത് മാസം നീണ്ടുനില്‍ക്കും.

Read more: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശവാര്‍ത്ത; പേരേര ഡിയാസ് പോയാലും ലൂണ തുടരും, കരാര്‍ പുതുക്കി