തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. അൽ നസ്റുമായുള്ള കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കാനിരിക്കെ, റൊണാള്‍ഡോ കളിനിർത്തുമോ എന്ന ചോദ്യം ഉയർന്നിരുന്നു.

റിയാദ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അര്‍ജന്‍റീന നായകന്‍ ലയണൽ മെസി വിരമിച്ചതിന് പിന്നാലെ ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിലേക്കാണ്. എന്നാൽ, കളിമതിയാക്കാൻ താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന ശക്തമായ സൂചനകളാണ് 41-കാരനായ പോർച്ചുഗീസ് സൂപ്പർ താരം നൽകുന്നത്. സൗദി ക്ലബ്ബ് അൽ നസ്റിന്‍റെ പരിശീലന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് "കീപ് പുഷിങ്" എന്ന അടിക്കുറിപ്പെഴുതിയാണ് റൊണാൾഡോ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

തന്‍റെ ഫുട്ബോൾ കരിയറിലെ അവസാന വർഷമായിരിക്കാം ഇതെന്ന് കഴിഞ്ഞ മാസം റൊണാൾഡോ സൂചിപ്പിച്ചിരുന്നു. അൽ നസ്റുമായുള്ള കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കാനിരിക്കെ, റൊണാള്‍ഡോ കളിനിർത്തുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എങ്കിലും, അന്താരാഷ്ട്ര തലത്തിൽ 2028 യൂറോ കപ്പ് വരെ തുടരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. 2016-ൽ പോർച്ചുഗലിന് ആദ്യ അന്താരാഷ്ട്ര കിരീടം നേടിക്കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ചത് റൊണാൾഡോയായിരുന്നു. 2026 ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിൽ പോർച്ചുഗൽ പുറത്തായപ്പോൾ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നെങ്കിലും, അന്താരാഷ്ട്ര കരിയർ അവിടെ അവസാനിക്കുന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.

Scroll to load tweet…

അന്താരാഷ്ട്ര തലത്തിൽ 150 ഗോളുകൾ എന്ന അപൂർവ്വ നാഴികക്കല്ല് തികയ്ക്കാൻ താരത്തിന് ഇനി 4 ഗോളുകൾ കൂടി മാത്രം മതി. ക്ലബ്ബ്, അന്താരാഷ്ട്ര തലങ്ങളിലായി നിലവിൽ 978 ഔദ്യോഗിക ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. കരിയറിൽ 1000 ഗോളുകൾ സ്വന്തമാക്കുന്ന ആദ്യ താരമാകുക എന്ന വലിയ ലക്ഷ്യത്തിലേക്ക് ഇനി 22 ഗോളുകളുടെ ദൂരം മാത്രമാണുള്ളത്. നിലവിലെ സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ ഈ ലക്ഷ്യം മറികടക്കാമെന്ന പ്രതീക്ഷയിലാണ് റൊണാൾഡോയും ആരാധകരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക