മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ കരിയറില്‍ ക്രിസ്‌റ്റിയാനോയേക്കാള്‍ മികച്ചത്‌ ഡേവിഡ്‌ ബെക്കാമാണെന്ന്‌ വിലയിരുത്തുകയാണ്‌ മാഞ്ചസ്‌റ്ററിന്റെ ഇതിഹാസ താരങ്ങളായ പോള്‍ സ്‌കോള്‍സും നിക്കി ബട്ടും

ലണ്ടന്‍: ഫുട്‌ബോള്‍ ചരിത്രവും റെക്കോര്‍ഡുകളും പരിശോധിച്ചാല്‍ ഇംഗ്ലീഷ്‌ ഫുട്‌ബോളര്‍ ഡേവിഡ്‌ ബെക്കാമിനേക്കാളും മികച്ച താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയാണെന്ന്‌ നിസംശയം പറയാം. എന്നാല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ കരിയറില്‍ ക്രിസ്‌റ്റിയാനോയേക്കാള്‍ മികച്ചത്‌ ഡേവിഡ്‌ ബെക്കാമാണെന്ന്‌ വിലയിരുത്തുകയാണ്‌ മാഞ്ചസ്‌റ്ററിന്റെ ഇതിഹാസ താരങ്ങളായ പോള്‍ സ്‌കോള്‍സും നിക്കി ബട്ടും. സ്‌പോര്‍ട്‌ബൈബിള്‍സിലെ അഗ്രീ ടു ഡിസഗ്രീ സെഗ്മെന്റിലാണ്‌ ഇരുവരും മാഞ്ചസ്‌റ്ററിലെ കരിയറില്‍ ബെക്കാമാണ്‌ ക്രിസ്‌റ്റിയാനോയേക്കാള്‍ ഒരുപടി മുന്നിലെന്ന്‌ വിലയിരുത്തിയത്‌.

ഇത്‌ പക്ഷേ, തള്ളിക്കളയാന്‍ സാധിക്കില്ല. കാരണം, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കൂടുതല്‍ കാലം സ്ഥിരതയോടെ കളിച്ചത്‌ ഡേവിഡ്‌ ബെക്കാമാണെന്നാണ്‌ ഇവര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചത്‌. റൊണാള്‍ഡോയുടേത്‌ അസാധ്യ പ്രകടനമായിരുന്നു, പക്ഷേ ബെക്കാം വര്‍ഷങ്ങളോളം അത്‌ യുനൈറ്റഡിനായി ആവര്‍ത്തിച്ചുവെന്നായിരുന്നു അവരുടെ വാക്കുകള്‍. മുഴുവന്‍ കരിയര്‍ വിലയിരുത്തിയാല്‍ ബെക്കാമിനേക്കാള്‍ ബഹുകാതം മുന്നിലാണ്‌ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയെന്ന്‌ വ്യക്തമാകും. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ കരിയര്‍ അവസാനിപ്പിച്ച ശേഷം സ്‌പെയ്‌നില്‍ റയല്‍ മാഡ്രിഡിനായും പോര്‍ച്ചുഗല്‍ ദേശീയ ടീമിനായും റൊണാള്‍ഡോ എക്കാലത്തേയും മികവ്‌ പുറത്തെടുത്തു. അഞ്ച്‌ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളാണ്‌ ക്രിസ്റ്റ്യാനോ നേടിയത്‌. ബെക്കാമിന്‌ ബാലണ്‍ ഡി ഓര്‍ നേടാനും കഴിഞ്ഞിട്ടില്ല.

മാഞ്ചസ്‌റ്റര്‍ യുനൈറ്റഡില്‍ ക്രിസ്‌റ്റിയാനോയ്‌ക്ക്‌ രണ്ട്‌ കാലഘട്ടങ്ങളാണുള്ളത്‌. ആദ്യത്തേത്‌ 2003 മുതല്‍ 2009 വരെ. ഈ കാലയളവില്‍ 292 മത്സരങ്ങളില്‍ നിന്ന്‌ 118 ഗോളുകളാണ്‌ നേടിയത്‌. മൂന്ന്‌ പ്രീമിയര്‍ ലീഗ്‌ കിരീടവിജയങ്ങളും ഒരു തവണ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും ക്രിസ്റ്റ്യാനോ മാഞ്ചസ്‌റ്ററിനൊപ്പം നേടി. രണ്ടാമത്തെ കാലഘട്ടം, 2021 ലായിരുന്നു. 54 മത്സരങ്ങളില്‍ നിന്ന 27 ഗോളുകളാണ്‌ നേടിയത്‌. 2022ല്‍ സൗദി അറേബ്യയിലെ അല്‍ ഹിലാല്‍ ക്ലബ്ബിലെത്തിയ ക്രിസ്‌റ്റിയാനോ അവിടെയും ഗോള്‍സ്‌കോറിംഗ്‌ തുടര്‍ന്നു, കിരീടവിജയത്തിലും പങ്കാളിയായി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കരിയറെടുത്താല്‍ ക്ലബ്ബിന്റെ ഐതിഹാസികമായ ക്ലാസ്‌ ഓഫ്‌ 92 ബാച്ചിലെ താരമാണ്‌ ഡേവിഡ്‌ ബെക്കാം. വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ ടീമിലെ പ്രധാനിയായിരുന്നു ബെക്കാം. ആറ്‌ തവണ പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ്‌ ലീഗും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം ബെക്കാം നേടി. ദൈര്‍ഘ്യമേറിയ കരിയറിന്‌ ശേഷം 2003 ല്‍ ബെക്കാം സ്‌പെയ്‌നിലെ റയല്‍ മാഡ്രിഡിലേക്ക്‌ ചേക്കേറി. മാഞ്ചസ്റ്ററില്‍ ബെക്കാമിന്റെ സഹതാരങ്ങളായിരുന്നു നിക്കി ബട്ടും പോള്‍ സ്‌കോള്‍സും. അതുകൊണ്ടു തന്നെ ഒരുമിച്ചു കളിച്ച സൗഹൃദം കൂടി ബെക്കാം-ക്രിസ്‌റ്റിയാനോ വിലയിരുത്തലില്‍ നിഴലിക്കും. മാഞ്ചസ്‌റ്ററില്‍ ഏഴാം നമ്പറിലായിരുന്നു ബെക്കാമും ക്രിസ്‌റ്റിയാനോയും കളിച്ചത്‌.