യുഎഇയിൽ ഈമാസം 20,25,28 തീയതികളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സന്നാഹ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്.

ദുബായ്: ഐഎസ്എല്ലിന് മുന്നോടിയായുള്ള കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസണ്‍ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുന്ന യുഎഇയിലെ ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയുമായി കേരളാ ബ്ലാസ്റ്റേഴ്സ്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയതിനാല്‍ ദുബായിയില്‍ കളിക്കാനിരുന്ന മൂന്ന് പ്രീ സീസണ്‍ മത്സരങ്ങളും ഉപേക്ഷിക്കുകയാമെന്ന് ബ്ലാസ്റ്റേഴ്സ് ട്വിറ്ററില്‍ വ്യക്തമാക്കി. പ്രീ സീസണ്‍ മത്സരങ്ങള്‍ റദ്ദാക്കിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് ടീം ദുബായിയില്‍ തന്നെ പരിശീലനം തുടരുമെന്നും ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിൽ ഈമാസം 20,25,28 തീയതികളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സന്നാഹ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. ഒക്ടോബര്‍ ആറിനാണ് ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നത്. വരുന്ന ഐഎസ്എല്‍ സീസണില്‍ മത്സരങ്ങള്‍ ഹോം, എവേ രീതിയിലേക്ക് തിരിച്ചെത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഉദ്ഘാടന മത്സരം ഉള്‍പ്പെടെ ബ്ലാസ്റ്റേഴ്സിന്‍റെ 10 ഹോം മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാവും. ഒക്ടോബര്‍ ആറിന് നടക്കുന്ന ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.

Scroll to load tweet…

ലോകകപ്പ് നഷ്ടടമാകാതിരിക്കാന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി

ഭരണ കെടുകാര്യസ്ഥതയുടെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിലക്കിയ ഫിഫ നടപടിയില്‍ സുപ്രീം കോടതി സര്‍ക്കാരിന്‍റെ സജീവമായ ഇടപെടല്‍ വേണമെന്ന് നിര്‍ദേശിച്ചു. ഇന്ത്യക്ക് അനുവദിച്ച അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ വേദി നഷ്ടമാകാതിരിക്കാനും വിലക്ക് നീക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ഇന്ന് ആവശ്യപ്പെട്ടു.

ഫിഫ അധികൃതരുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇതുവരെ രണ്ട് വട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സൊളിസിറ്റര്‍ർ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീ കോടതി ബെഞ്ച് ഈ മാസം 22ലേക്ക് മാറ്റി.

16നാണ് ഭരണസമിതിയിലെ ബാഹ്യ ഇടപെടലിന്‍റെ പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് തലവന്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ തുടർന്നതും ഫെഡറേഷന്‍റെ കാര്യങ്ങളില്‍ മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായതുമാണ് ഫിഫയുടെ വിലക്കിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ എല്ലാ ദൈന്യംദിന പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ വിലക്ക് പിന്‍വലിക്കുമെന്നാണ് ഫിഫയുടെ അറിയിപ്പ്.

ഫിഫ വിലക്കില്‍ ഉസ്‍ബക്കിസ്ഥാനില്‍ കുടുങ്ങി ഗോകുലം കേരള വനിതാ ടീം; പ്രധാനമന്ത്രിക്ക് കത്ത്

2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.

ഒക്ടോബർ 11 മുതല്‍ 30 വരെയാണ് ഇന്ത്യയില്‍ അണ്ടർ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഫിഫ വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനാവില്ല. ഐഎസ്എൽ, ഐലീഗ് ക്ലബുകൾക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.