കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സീസണിലെ മൂന്നാം തോല്‍വി കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങുകയായിരുന്നു
കൊച്ചി: ഐഎസ്എല്ലില്‍ ഹാട്രിക്ക് തോൽവിക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് ചോദിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. വ്യക്തിഗത മികവ് കൊണ്ട് കാര്യമില്ലെന്നും ടീമിന് തിരിച്ചുവരാന്‍ കഴിയുമെന്നും മലയാളിതാരം കെ പി രാഹുൽ പറഞ്ഞു. ഇന്നലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് മറുപടിയില്ലാത്ത രണ്ട് ഗോളിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു.
പ്രതിരോധത്തിലെ പാളിച്ചകളും മിസ്‌പാസുകളുടെ ഘോഷയാത്രയും മധ്യനിരയിലെ ആശയദാരിദ്ര്യവും ഫൈനൽ തേഡിലെ മൂര്‍ച്ചയില്ലായ്‌മയുമായിരുന്നു കൊച്ചിയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ സീസണിലെ മൂന്നാം തോല്‍വി ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്നാം തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ക്യാംപിലെ നിരാശ പരിശീലകനിലും പ്രകടമായി. ഏതെല്ലാം മേഖലകളിലാണ് മെച്ചപ്പെടേണ്ടതെന്ന് മത്സരശേഷമുള്ള ചോദ്യത്തിന് ഇവാന്‍ വുകോമനോവിച്ച് മറുപടി നല്‍കി.
പ്രതികരിച്ച് കെ പി രാഹുലും
ഒറ്റയാള്‍ മുന്നേറ്റങ്ങളിലൂടെ ഗ്യാലറിയുടെ കയ്യടി നേടിയെങ്കിലും അതുകൊണ്ട് കാര്യമില്ലെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ മലയാളി താരം കെ പി രാഹുലിന്‍റെ പ്രതികരണം. ബ്ലാസ്റ്റേഴ്സ് വിട്ട് മുംബൈയിലെത്തിയ ശേഷം കൊച്ചിയിൽ ഗോളടിച്ച ഹോര്‍ഹെ പേരേര ഡിയാസിന്‍റെ പ്രതികരണം തേടിയെങ്കിലും ഇംഗ്ലീഷ് അറിയില്ലെന്നായിരുന്നു അദേഹത്തിന്‍റെ മറുപടി.
കൊച്ചിയിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. മെഹ്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈയുടെ സ്കോറർമാർ. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് തോൽക്കുന്നത്. ആദ്യ ഇലവനിലിറങ്ങിയ മലയാളി താരം കെ പി രാഹുലിനുൾപ്പെടെ നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും ഒരു ഗോൾ പോലും മടക്കാനായില്ല. തുടര്‍ തോല്‍വികളുമായി ലീഗിൽ ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്.

മുംബൈ സിറ്റിയുടെ രണ്ടടി; കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി
