സ്റ്റിമാക്കിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കൊച്ചിയിൽ സൗഹൃദ മത്സരത്തിന് സജ്ജമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് അറിയിച്ചത്

കൊച്ചി: കേരളത്തിൽ കളിക്കണമെന്ന ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ(Igor Stimac) ആവശ്യം ഏറ്റെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്(Kerala Blasters). കൊച്ചിയിൽ ദേശീയ ടീമുമായി സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് ബ്ലാസ്റ്റേഴ്സ്(KBFC) പരിശീലകൻ ഇവാൻ വുകോമനോവിച്ച്(Ivan Vukomanovic) അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് ടീമിന്‍റെ തയ്യാറെടുപ്പുകളെക്കുറിച്ച് സൂചന നൽകിയിരുന്നു. പ്രീസീസൺ മത്സരങ്ങളിൽ യൂറോപ്യൻ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യൻ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താൽപര്യമുണ്ടെന്നായിരുന്നു വുകോമനോവിച്ചിന്‍റെ വാക്കുകൾ. കഴിഞ്ഞയാഴ്ച ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്ക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ടറിയണമെന്നും ഇന്ത്യൻ ടീമിന്‍റെ ക്യാമ്പ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. 

സ്റ്റിമാക്കിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കൊച്ചിയിൽ സൗഹൃദ മത്സരത്തിന് സജ്ജമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് അറിയിച്ചത്. സെപ്റ്റംബറിലെ ക്യാമ്പ് കേരളത്തിലാക്കണമെന്നായിരുന്നു ഇഗോർ സ്റ്റിമാക്കിന്‍റെ ആവശ്യം. ഒക്ടോബറിലാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. അതിനാൽ ബ്ലാസ്റ്റേഴ്സും ഇന്ത്യൻ ദേശീയ ടീമും തമ്മിലുള്ള മത്സരം കൊച്ചിയിൽ പ്രതീക്ഷിക്കാം.

Scroll to load tweet…

ആരാധകർക്ക് നന്ദി പറഞ്ഞ് വുകോമനോവിച്ച്

45-ാം ജന്മദിനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നന്ദി പറഞ്ഞ് വുകോമനോവിച്ച് രംഗത്തെത്തിയിരുന്നു. നന്ദിയെന്ന് ഒറ്റവാക്കിൽ പറയാനാകുന്നതല്ല ആരാധകരോടുള്ള കടപ്പാട്. എക്കാലവും ഓ‌ർമിക്കുന്ന വിജയക്കുതിപ്പ് ഒരുമിച്ച് നടത്താനായതിൽ സന്തോഷമെന്നും കഴിഞ്ഞ സീസണിലെ ഫൈനൽ പ്രവേശം ഓർമിപ്പിച്ച് ഇവാൻ വുകോമനോവിച്ച് കുറി‍ച്ചു. ആരാധകരുടെ വിലപ്പെട്ട സമയം തന്നോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി മാറ്റിവച്ചത് ഹൃദയത്തെ സ്പർശിച്ചു. ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്‍റെ ഭാഗമായതിൽ അഭിമാനമെന്നും വുകോമനോവിച്ച് പറഞ്ഞു.

നന്ദി കേരള, വാതിലുകള്‍ എനിക്കായി തുറന്നിടുന്നതില്‍; ഹൃദയംസ്പർശിയായ കുറിപ്പുമായി വുകോമനോവിച്ച്