മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എവേ മത്സരത്തില്‍ ഗോവ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഇനി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മുഴുവന്‍ മത്സരങ്ങളും ജയിച്ചെങ്കില്‍ മാത്രമെ മഞ്ഞപ്പടയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. എന്നാല്‍ല്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഗോവയ്‌ക്കെതിരെ കാര്യങ്ങള്‍ എളുപ്പമാവില്ല. 

എന്നാല്‍ ആശങ്കപ്പെടാനില്ലെന്ന രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഈല്‍കോ ഷറ്റോരിയുടെ സംസാരം. ഏത് വെല്ലുവിളിയും നേരിടാനൊരുക്കമാണെന്നാണ് ഷാറ്റോരി പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''ലീഗില്‍ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കുന്ന ടീം ഗോവയാണ്. എന്നാല്‍ ഏത് വെല്ലുവിളിയും സ്വീകരിക്കാന്‍ തയ്യാറായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിരിക്കുന്നത്. ധൈര്യമായി തന്നെ ഗോവയെ നേരിടും. ഇന്നും വിജയിക്കാനാണ് ശ്രമിക്കുക. ടീമിന്റെ വളര്‍ച്ചയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. 

ഗോവയെ പോലെ ഫുട്‌ബോള്‍ കളിക്കുന്ന ഒരു ടീം തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ താരങ്ങളുടെ പരിക്കാണ് ഞങ്ങളെ വലയ്ക്കുന്നത്.'' ഷാട്ടോരി പറഞ്ഞുനിര്‍ത്തി.