Asianet News MalayalamAsianet News Malayalam

ആരാധക കൂട്ടായ്മയുടെ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നല്‍കി കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ്

ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റിന് ലാഭക്കൊതിയെന്ന ആരോപണമാണ് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചത്. ഇന്ത്യൻ ഫുട്ബോളിൽ ഒരു ക്ലബ്ബും ലാഭത്തിലല്ലെന്ന് വിമര്‍ശിക്കുന്നവര്‍ ആദ്യം മനസിലാക്കണം.

Kerala Blasters Director Nikhil B Nimmagadda responds to fans Criticisms
Author
First Published Sep 3, 2024, 11:11 AM IST | Last Updated Sep 3, 2024, 11:14 AM IST

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി കേരളാ ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ നിമ്മഗദ്ദ. ക്ലബ്ബിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമനടക്കുന്നുണ്ടെന്ന് നിഖില്‍ നിമ്മഗദ്ദ എക്സ് പോസ്റ്റില്‍ പറഞ്ഞു. കൊച്ചിയിലെ പരിശീലന ഗ്രൗണ്ടിന്‍റെ കാര്യത്തിൽ ടീമിന് യാതൊരു ആശയക്കുഴപ്പമില്ലെന്നും മാനേജ്മെന്‍റിനു ലാഭക്കൊതി എന്ന ആരോപണം അസംബന്ധമാണെന്നും നിഖില്‍ പ്രതികരിച്ചു.

ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റിനെയും ക്ലബ്ബിനെയും ലക്ഷ്യം വച്ചുള്ള തുടർച്ചയായ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വ്യക്തത വരുത്താനാണ് ഈ പോസ്റ്റ്. ചിലർ ഞങ്ങളെ അവഹേളിക്കാൻ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന അര്‍ധസത്യങ്ങളെക്കുറിച്ചും കിംവദന്തികളെക്കുറിച്ചും മറുപടി നല്‍കണമെന്ന് തോന്നി. എന്തുകൊണ്ടാണ് ഞങ്ങൾ ഇത്രയും കാലം മിണ്ടാതിരുന്നതെന്ന് ആരാധകര്‍ കരുതിയേക്കാം. പരിശീലന സൗകര്യങ്ങൾ, ടൈറ്റിൽ സ്പോൺസർമാർ, കിറ്റിംഗ് പങ്കാളികൾ തുടങ്ങിയവയെക്കുറിച്ച് ധാരണയാവുന്നതുവരെ ഒരു ക്ലബ്ബും അവയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കാറില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഞങ്ങളുടെ മൗനത്തെക്കുറിച്ച് മോശമായ രീതിയിലുള്ള പ്രചാരണമാണ് ആരാധകര്‍ക്കിടയില്‍ നടന്നത്.

പൊട്ടിക്കരഞ്ഞ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ലൂയിസ് സുവാരസ്

പരിശീലന ഗ്രൗണ്ടുകളുടെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിന് ആശങ്കയോ ആശയക്കുഴപ്പമോ ഇല്ല. എല്ലാ ഗ്രൗണ്ടുകളും മികച്ച നിലവാരത്തിലാണ് പരിപാലിക്കുന്നത്. പരിശീലന ഗ്രൗണ്ടുകളുടെ പേരിലും ക്ലബ്ബിന് പ്രശ്‌നങ്ങളൊന്നുമില്ല. പുറത്തു നിന്നുള്ള പ്രശ്നങ്ങള്‍ മാത്രമാണ് ഉള്ളത്.  കൊച്ചിയിലെ മഴയും കൊൽക്കത്തയിലെ മത്സര സൗഹൃദ അന്തരീക്ഷവും കണക്കിലെടുത്താണ് ടീം ഓഗസ്റ്റ് അവസാനം വരെ കൊല്‍ക്കത്തയില്‍ തുടരാന്‍ തീരുമാനിച്ചത്. കിറ്റിംഗ് പങ്കാളിയായി റെയൗറിനെ തെരഞ്ഞെടുത്തത്  ടീമിന് ഏറ്റവും അനുഗുണമെന്ന് തോന്നിയതിനാലാണ്. സ്പോണ്‍സര്‍മാരുടെ കാര്യത്തിലാണെങ്കില്‍ വിവിധ സ്പോണ്‍സര്‍മാരുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപനത്തിന് കുറച്ചു സമയം കൂടി എടുക്കും.

പുതിയ കളിക്കാരെ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്ന് കാലതാമസം വന്നുവെന്ന് ഞങ്ങൾ സമ്മതിക്കുന്നു, പക്ഷേ, ഡ്യൂറൻഡ് കപ്പിന് മുമ്പായി പുതിയ കളിക്കാരുമായി കരാര്‍ ഒപ്പിടുമെന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ കരാറിലേര്‍പ്പെടാന്‍ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. എങ്കിലും പുതിയ കളിക്കാരെ എത്തിക്കുന്നതില്‍ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണ്. അക്കാര്യത്തില്‍ നുണപറയേണ്ട കാര്യം മാനേജ്മെന്‍റിനില്ല.

ബ്ലാസ്റ്റേഴ്സ് മാനേജ്‌മെന്‍റിന് ലാഭക്കൊതിയെന്ന ആരോപണമാണ് അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളെ ഞെട്ടിച്ചത്. ഇന്ത്യൻ ഫുട്ബോളിൽ ഒരു ക്ലബ്ബും ലാഭത്തിലല്ലെന്ന് വിമര്‍ശിക്കുന്നവര്‍ ആദ്യം മനസിലാക്കണം.അതുകൊണ്ടുതന്നെ ലാഭക്കൊതിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ടിക്കറ്റ് വില്‍പനയിലൂടെയുള്ള വരുമാനം, കളിക്കാരുടെ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുക, സ്‌പോൺസർഷിപ്പുകൾ എന്നിവയാണ് ക്ലബ്ബിന്‍റെ വരുമാനം. സ്റ്റേഡിയത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നുപോലും ക്ലബ്ബിന് ലാഭമില്ലെന്നതാണ് വസ്തുത. ക്രാവിനെ പോലുള്ള മാതൃകകള്‍ അവതരിപ്പിച്ചത് വരുമാനം കൂട്ടാനുള്ള മാര്‍ഗമെന്ന നിലയിലാണ്. അല്ലാതെ അതിനെ ലാഭക്കൊതിയെന്ന് പറയുന്നത് തെറ്റാണെന്നും നിഖില്‍ നിമ്മഗദ്ദ എക്സ് പോസ്റ്റില്‍ വിശദീകരിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ 11ാം പതിപ്പിന് സെപ്റ്റംബർ 13നാണ് തുടക്കമാവുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനും ഫൈനലിസ്റ്റുകളായ മുംബൈ സിറ്റിയും തമ്മിൽ കൊൽക്കത്തയിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബർ 15നാണ് കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനിറങ്ങുന്നത്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios