Asianet News MalayalamAsianet News Malayalam

മലയാളിതാരം പ്രശാന്തിന്റെ കരാര്‍ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ്

ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മാച്ചുകളിൽ വിംഗില്‍ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു.

Kerala Blasters extend contract with Prasanth
Author
Kochi, First Published Sep 12, 2020, 4:50 PM IST

കൊച്ചി: മലയാളി താരവും വിംഗറുമായ പ്രശാന്ത് കറുത്തേടത്കുനിയുമായുള്ള കരാർ ഒരു വർഷത്തേക്ക് നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. കോഴിക്കോട് നിന്നുള്ള 23കാരനായ താരം ഇന്ത്യൻ സൂപ്പർ ലീഗിലെ വരുന്ന സീസണിലും ടീമിന്റെ ഭാഗമായിരിക്കും. വലത് കാലു കൊണ്ട് ചടുലമായ നീക്കങ്ങൾ നടത്തുന്ന മിഡ്ഫീൽഡർ ആയ താരം യഥാർത്ഥത്തിൽ അത്ലറ്റിക്സ് റണ്ണറായിരുന്നു.

എഐഎഫ്എഫ് റീജിയണൽ അക്കാദമിലെത്തുന്നതിന് മുമ്പ് കേരള അണ്ടർ 14 ടീമിനെ പ്രതിനിധീകരിച്ചു. എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലേക്ക് പോകുന്നതിനുമുമ്പ് ഡി.എസ്.കെ ശിവാജിയൻസ് അക്കാദമിയുടെ ഭാഗമായിരുന്നു പ്രശാന്ത്. പരിശീലനം ലഭിക്കുന്നതിന് വേണ്ടി ഐ ലീഗ് ചെന്നൈ സിറ്റി എഫ്സിക്ക് കൈമാറുന്നതിന് മുൻപായി 2016 ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രശാന്തുമായി കരാറിൽ ഏർപ്പെടുന്നത്.

ഐ എസ് എല്ലിന്റെ കഴിഞ്ഞ സീസണിൽ ആണ് പ്രശാന്ത് മികച്ച പ്രകടനങ്ങൾ നടത്തുന്നത്. 12 മാച്ചുകളിൽ വിംഗില്‍ കളിച്ച താരം എഫ് സി ഗോവയുമായുള്ള നിർണായകമായ മത്സരത്തിൽ ഗോളടിക്കുന്നതിന് സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സ്ഫോടനാത്മകമായ വേഗവും വിങ്ങിലെ മിന്നും പ്രകടനവും വരുന്ന സീസണിൽ ക്ലബ്ബിന് ഒരു മുതൽക്കൂട്ടായിരിക്കും.

പ്രാദേശികമായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തെ ഫുട്ബോളിന്റെ ഒരു കോട്ട ആക്കി മാറ്റുന്നതിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ കാഴ്ചപ്പാടിന് ഊന്നൽ നൽകുന്നതാണ് പ്രശാന്തുമായുള്ള കരാർ ദീർഘിപ്പിക്കാൻ ഉള്ള തീരുമാനം.

തന്റെ ഫുട്ബോൾ യാത്രയിൽ നിർണായക സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്സിൽ തുടരുന്നതിൽ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുവെന്ന് പ്രശാന്ത് പറഞ്ഞു. ടീമിലെ ഏറ്റവും മികച്ച ശാരീരിക ശേഷിയുള്ള കളിക്കാരിൽ ഒരാളാണ് പ്രശാന്തെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. ക്ലബ്ബുമായുള്ള പ്രശാന്തിന്റെ കരാർ ദീർഘിപ്പിച്ചത് കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതിഫലനം മാത്രമല്ല, സംസ്ഥാനത്തോടും ആരാധകരോടും കൂടിയുള്ളതാണെന്നും വരാനിരിക്കുന്ന സീസണിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios