തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചു. 

കൊച്ചി: സ്ഥാനം നഷ്ടപ്പെടുന്ന പരിശീലകന്‍ ഡേവിഡ് കറ്റാലയ്ക്ക് പകരക്കാരനെ തേടി കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ബെംഗളൂരു എഫ്സി പരിശീലകന്‍ ആഷ്‌ലി വെസ്റ്റ് വുഡുമായി ക്ലബ് സംസാരിച്ചെന്നാണ് സൂചന. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാമുണ്ടാകുമെന്നാണ് സൂചനകള്‍. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ഏപ്രില്‍ അഞ്ചിനാണ്. അതിനാല്‍ തന്നെ വേഗത്തില്‍ പുതിയ പരിശീലകനെ കൊണ്ടുവന്ന് ടീമിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ക്ലബ്. ലീഗിനെ പറ്റി അടുത്തറിയാം എന്നതാണ് വെസ്റ്റ് വുഡിനുള്ള പ്ലസ് പോയിന്റ്.

പഞ്ചാബ് എഫ്‌സിയോടു ദയനീയമായി തകര്‍ന്നതിനു പിന്നാലെയാണ് ഡേവിഡ് കറ്റാലയെ പുറത്താക്കാന്‍ ക്ലബ് തീരുമാനിക്കുന്നത്. സീസണിലെ 6 മത്സരങ്ങളില്‍ ഒന്നില്‍ പോലും ജയിക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല. ആദ്യ 4 കളികളില്‍ തുടര്‍ച്ചയായ തോല്‍വി, ഒരു സമനില, വീണ്ടും തോല്‍വി എന്നിങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. അഡ്രിയന്‍ ലൂണയടക്കമുള്ള വിദേശ താരങ്ങളെ നഷ്ടമായതും മികച്ച പകരക്കാരെ കണ്ടെത്താന്‍ കഴിയാതിരുന്നതും ടീമിന് തിരിച്ചടിയായി. ലഭിച്ച കളിക്കാരെ ഉപയോഗിച്ചു തരക്കേടില്ലാത്ത ഒരു ടീമിനെ കൂട്ടിയിണക്കാന്‍ കറ്റാലയ്ക്കു കഴിഞ്ഞില്ല. തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ പാളി. പിന്നാലെ പഞ്ചാബിന് എതിരായ വന്പന്‍ തോല്‍വിക്ക് പിന്നാലെ കോച്ച് പുറത്തേക്ക്.

എഫ്‌സി ഗോവയ്ക്ക് സമനില

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി, ഗോവ മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 48- മിനിറ്റില്‍ ഇര്‍ഫാന്‍ യാട്‌വാഡാണ് ചെന്നൈയ്ക്കായി ഗോള്‍ നേടിയത്. എന്നാല്‍ 88- മിനിറ്റില്‍ സന്ദേശ് ജിങ്കാനിലൂടെ ഗോവ സമനില പിടിച്ചു. 6 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഗോവ അഞ്ചാം സ്ഥാനത്തും 5 പോയിന്റുമായി ചെന്നൈയ്യന്‍ പത്താം സ്ഥാനത്തുമാണ്.

അതേസമയം, ഇന്റര്‍കാശിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ബെംഗളൂരു എഫ്‌സി. ഡബിള്‍ നേടിയ ബ്രിയാന്‍ സാഞ്ചസാണ് ബെംഗളൂരുവിന് മിന്നും ജയം സമ്മാനിച്ചത്. 20 മിനിറ്റില്‍ ആഷിഖ് കരുണിയനാണ് ബെംഗളൂരുവിനായി ആദ്യം ഗോള്‍ നേടിയത്. 38- മിനിറ്റില്‍ ആല്‍ഫ്രഡ് പ്ലനാസിലൂടെ ഇന്റര്‍കാശി ഒപ്പമെത്തി. പിന്നീട് രണ്ടാം പകുതിയില്‍ 69- മിനിറ്റില്‍ ബ്രിയാന്‍ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ടീമിന്റെ മൂന്നാം ഗോളും പിറന്നു. ലീഗില്‍ ബെംഗളൂരു 11 പോയിന്റുമായി നാലാം സ്ഥാനത്തും. ഇന്റര്‍കാശി പതിനൊന്നാം സ്ഥാനത്തുമാണ്.

YouTube video player