കൊച്ചി: ഗോകുലം കേരള താരം അർജുൻ ജയരാജിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിനായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഗോകുലം കേരളയുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി. മിഡ്ഫീൽഡറായ അ‍ർജുൻ കഴിഞ്ഞ രണ്ട് സീസണിലും ഐ ലീഗിൽ ഗോകുലത്തിനായി മികച്ച പ്രകടനം നടത്തിയിരുന്നു. ഈസ്റ്റ് ബംഗാളിന്‍റെ മലയാളി ഗോൾകീപ്പർ സി കെ ഉബൈദിനെയും ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നുണ്ട് എന്നാണ് സൂചന.

ഇതേസമയം മലയാളി മധ്യനിരതാരം സഹൽ അബ്ദുൽ സമദുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി ടീം മാനേജ്‌മെന്‍റ് അറിയിച്ചു. 'സഹൽ ഇനി നമ്മുടെ സ്വന്തം' എന്ന കുറിപ്പോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരവുമായുള്ള കരാർ നീട്ടിയതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചത്. കഴിഞ്ഞ ഐഎസ്എല്ലിൽ മികച്ച ഭാവി താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ് കണ്ണൂർ സ്വദേശിയായ സഹൽ അബ്ദുൾ സമദ്.