Asianet News MalayalamAsianet News Malayalam

സ്പാനിഷ് മിഡ്‌ഫീല്‍ഡര്‍ വിസെന്റ് ഗോമസ് കേരള ബ്ലാസ്റ്റേഴ്സില്‍

ലാസ് പൽമാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങൾ  തകർക്കാനും പിന്നിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്‌ഫീൽഡർ ആയിരുന്നു വിസെൻറ് ഗോമസ്.

kerala blasters new transfer update, Vincent signs contract with KBFC
Author
Kochi, First Published Sep 23, 2020, 10:53 PM IST


കൊച്ചി: സ്പാനിഷ് പ്രൊഫഷണൽ ഫുട്ബോൾ താരം വിസെന്റ്  ഗോമസ് കേരളാ ബ്ലാസ്റ്റേഴ്സില്‍. ലാസ് പൽമാസിൽ ജനിച്ച ഡിഫെൻസീവ് മിഡ്‌ഫീൽഡറായ വിസെന്റ്  2007 ൽ സ്പാനിഷ് നാലാം ഡിവിഷൻ ടീമായ എ ഡി ഹുറാക്കാനൊപ്പം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. തന്റെ ഹോം ടീമിൽ ചേരുന്നതിനു മുൻപ് അദ്ദേഹം രണ്ട് സീസണുകളിൽ  എ ഡി ഹുറാക്കിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. മികച്ച മിഡ്‌ഫീൽഡറായ ഇദ്ദേഹത്തിന് പിന്നീട് ലാസ് പൽമാസിന്റെ ആദ്യ ടീമിലേക്ക് സ്‌ഥാനക്കയറ്റം ലഭിച്ചു. റിസർവ് ടീമുമായുള്ള ആദ്യ സീസണിൽ തന്നെ മികച്ച  പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായി. ഇവിടെ അദ്ദേഹം 28 മാച്ചുകൾ ആരംഭിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു.

2010 ൽ ലാസ് പൽമാസിനായി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച ഗോമസ് കോപ ഡെൽ റേയുമായുള്ള മത്സരത്തിൽ രണ്ടാം ഗോൾ നേടി. മിഡ്‌ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും പ്രധാന ഗോളുകൾ നേടുന്നതിൽ വിസെന്റ് കഴിവ് തെളിയിച്ചിട്ടുണ്ട്. 2015-16 സീസണിൽ ലാ ലിഗയിലേക്കുള്ള ക്ലബ്ബിന്റെ പ്രമോഷനിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സ്പാനിഷ് ഭീമന്മാരായ ബാഴ്‌സലോണയ്ക്കും റയൽ മാഡ്രിഡിനുമെതിരായ മത്സരത്തിൽ  ക്യാപ്റ്റനാവുകയും ചെയ്തു. ടീമിന്റെ  പുറത്താകലിനെത്തുടർന്ന്, ഐ‌എസ്‌എൽ സീസൺ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ ചേരുന്നതിന് മുമ്പ് ഗോമസ് രണ്ടാം ഡിവിഷൻ ഭാഗമായ ഡിപോർടിവോ ലാ കൊറൂണയിലേക്ക് മാറി.

ലാസ് പൽമാസിലെ എട്ട് സീസണുകളിലും, എതിരാളിയുടെ തന്ത്രങ്ങൾ  തകർക്കാനും പിന്നിൽ നിന്ന് ആക്രമണങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന മികച്ച മിഡ്‌ഫീൽഡർ ആയിരുന്നു വിസെൻറ് ഗോമസ്. ആകെ 223 മത്സരങ്ങളിൽ ക്ലബ്ബിനായി 13 തവണ അദ്ദേഹം പന്ത് വലയിലാക്കി ലാ ലിഗയിൽ മികച്ച മിഡ്‌ഫീൽഡ് പ്രകടനവും അദ്ദേഹം കാഴ്‌ചവച്ചു.

ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നതിലും  ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമാകുന്നതിലും അതിയായ ആവേശത്തിലാണെന്ന് വിസെന്റ് ഗോമസ് പറഞ്ഞു. ലാസ് പൽമാസിനായി സ്‌പെയിനിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലും മെസ്സി, ഇനിയേസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ  ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെയും മത്സരിക്കാൻ അവസരം ലഭിച്ചു. ഇന്ന്, ഏറ്റവും  പ്രിയപ്പെട്ട നിറമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞയിൽ കളിച്ച് ഇന്ത്യയിൽ ഒരു പുതിയ തുടക്കം പ്രഖ്യാപിക്കാൻ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കുടുംബത്തിന്റെ ഭാഗമാകാൻ ഞാൻ ഉത്സുകനാണ്, ഒപ്പം  ക്ലബിന്റെ ആരാധകരോട് വലിയ ബഹുമാനവുമുണ്ട്. എന്നിൽ വിശ്വാസം അർപ്പിച്ചതിന് കെ ബി എഫ് സി  സ്പോർട്ടിംഗ് ഡയറക്ടർ  കരോലിസിനും  ഹെഡ് കോച്ച് കിബുവിനും നന്ദി പറയുന്നു. ഞങ്ങൾ ഒരുമിച്ച് വിജയങ്ങൾ നേടാൻ ശ്രമിക്കും", വിസെന്റ് ഗോമസിന്റെ ആവേശം നിറഞ്ഞ വാക്കുകൾ.

മിഡ്‌ഫീൽഡിൽ ഒരു വലിയ സാന്നിധ്യമാകാൻ പോകുന്ന ഫുട്ബോളിന്റെ മാസ്റ്ററാണ് വിസെന്റെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ  പ്രൊഫഷണൽ കരിയറിലെ മൂന്നാമത്തെ ക്ലബ് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ്. അദ്ദേഹം കളിക്കളത്തിലും ക്ലബ്ബിലും അവിശ്വസനീയമായ സ്ഥിരത പുലർത്തുന്നു എന്നതിന്റെ ഉത്തമ ഉദാഹരമാണിത്.  അതുകൊണ്ടുതന്നെ ഏറ്റവും ഗുണത്മകമായ കരാറാണിത്. വിസെന്റ് കേരള  ബ്ലാസ്റ്റേഴ്സ് ക്ലബിൽ ചേരുന്നതിൽ ആരാധകരെ പോലെ താനും ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios