കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റ പരിശീലക സ്ഥാനത്ത് നിന്ന് എല്‍ക്കോ ഷട്ടോരി പുറത്താക്കിയ വിവരം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ കോച്ചിനെ വരുമെന്ന് ഏറെകുറെ ഉറപ്പായിട്ടും പരിശീലക സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയതായി പ്രഖ്യാപിക്കാത്തതിനെ ഷാട്ടോരി വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക  പ്രഖ്യാപനം.

''ഷട്ടോരി ക്ലബിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമായിരിക്കട്ടെ.'' എന്നും ക്ലബ് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. ഷട്ടോരിക്ക് പകരം സ്പാനിഷ് പരിശീലകന്‍ കിബു വികൂന പുതിയ കോച്ചാകുമെന്നാണ് റിപ്പോര്‍ട്ട്. ഐ ലീഗില്‍ മോഹന്‍ ബഗാനെ ഇക്കുറി ജേതാക്കളാക്കിയ പരിശീലകനാണ് വികൂന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.

ഐ ലീഗില്‍ ഈ സീസണില്‍ അത്ഭുതങ്ങള്‍ കാട്ടിയ പരിശീലകനാണ് കിബു വികൂന. സീസണില്‍ നാല് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ബഗാനെ ചാമ്പ്യന്‍മാരാക്കി. ഇന്ത്യയിലെത്തി ഒറ്റ വര്‍ഷം കൊണ്ട് വിസ്മയിപ്പിച്ച വികൂനയെ റാഞ്ചാന്‍ ജെംഷഡ്പൂര്‍ എഫ്‌സിയും രംഗത്തുണ്ടായിരുന്നു.

ആക്രമണ ഫുട്‌ബോളിനും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിലും പേരുകേട്ട നാല്‍പ്പത്തിയേഴുകാരനായ വികൂന പോളിഷ് ക്ലബ് വിസ്ലാ പ്ലോക്കി, ലാ ലിഗ ക്ലബ് ഒസാസുനയുടെ യൂത്ത് ടീം എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്. മോഹന്‍ ബഗാന്‍- എടികെ ലയനത്തിന്റെ ഭാഗമായിവികൂന കൊല്‍ക്കത്തന്‍ ക്ലബില്‍ നിന്ന് പുറത്തായതാണ്ബ്ലാസ്റ്റേഴ്‌സിന് അവസരമൊരുക്കിയത്.