Asianet News MalayalamAsianet News Malayalam

സഞ്ജു സാംസണ്‍ ഇനി കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡര്‍; താരത്തിന്റെ പ്രതികരണമിങ്ങനെ

പങ്കാളിത്തത്തിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സഞ്ജുവും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ ആരാധകരുമായും പിന്തുണക്കാരുമായും ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കും.

Kerala Blasters ropes Sanju Samson as new brand ambassador saa
Author
First Published Feb 6, 2023, 6:37 PM IST

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. ഇന്നാണ് പ്രഖ്യാപനം നടന്നത്. സഞ്ജു ഒരു ദേശീയ പ്രതീകമാണെന്നും, അദ്ദേഹത്തെ കെബിഎഫ്‌സി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ''സ്പോര്‍ട്സിലൂടെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ക്ലബിന്റെ പൊതു ശ്രമത്തില്‍ ഞങ്ങള്‍ ഒരുമിക്കുകയാണ്.  ക്ലബ്ബിന്റെ ഗ്രാസ്‌റൂട്ട്-കമ്മ്യൂണിറ്റി സംരംഭങ്ങളും, ആരാധക ഇവന്റുകളും വിസ്തൃതമാക്കാനും, ക്ലബ്ബിനോടും ഗെയിമിനോടുമുള്ള താരത്തിന്റെ അഭിനിവേശം പങ്കിടാനും  ഈ അംബാസഡര്‍ റോളില്‍ സഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം വ്യക്തമാക്കി. 

''സംസ്ഥാനത്തെ ഫുട്‌ബോള്‍  ഇക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയോടുള്ള ഞങ്ങളുടെ അഭിനിവേശവും പ്രതിബദ്ധതയും അചഞ്ചലമാണ്. അതോടൊപ്പം കേരളത്തിന്റെ ക്ലബ് എന്ന നിലയില്‍, ഈ ഇക്കോസിസ്റ്റത്തിന്റെ എല്ലാ വശങ്ങളും വളര്‍ത്തുന്നതിന് ഞങ്ങളുടെ 110% നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.'' ഭരദ്വാജ് കൂട്ടിചേര്‍ത്തു.

സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെ... ''ഞാന്‍ എപ്പോഴും ഒരു ഫുട്‌ബോള്‍ ആരാധകനാണ്. അച്ഛന്‍ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായതിനാല്‍ ഫുട്‌ബോള്‍ എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുള്ള ഒരു കായിക വിനോദമാണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഒരു ആദരമാണ്. ഫുട്‌ബോളിന്റെ മഹത്വം ഈ നിലയിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്ലബ്ബ് അതിന്റെ തുടക്കം മുതല്‍ വളരെയധികം ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയില്‍, അവര്‍ രാജ്യത്തെ ഏറ്റവും വിശ്വസ്തരായ ഒരു ആരാധകവൃന്ദത്തെ രൂപപ്പെടുത്തുകയും പോഷിപ്പിക്കുകയും ചെയ്തു. കലൂര്‍ സ്റ്റേഡിയത്തില്‍ ആരാധകരോടൊപ്പം ഒരു മത്സരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എനിക്ക് കാത്തിരിക്കാനാവുന്നില്ല. സ്പോര്‍ട്സിന് എല്ലായ്പ്പോഴും അതിന്റെ പ്രേക്ഷകരില്‍ വലിയ സ്വാധീനമുണ്ട്, ഒപ്പം ഒരുമിച്ച് സ്പോര്‍ട്സ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന്  ക്ലബ്ബിന്റെ അംബാസഡര്‍ എന്ന നിലയിലുള്ള എന്റെ കര്‍ത്തവ്യം നിര്‍വഹിക്കാനാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.'' സഞ്ജു പറഞ്ഞു.

പങ്കാളിത്തത്തിന്റെ ഭാഗമായി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും സഞ്ജുവും കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ ആരാധകരുമായും പിന്തുണക്കാരുമായും ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്ലേ ഓഫിന് അരികിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ്. നാളെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയുമായി ഏറ്റുമുട്ടും.

ഉമ്രാന്‍ മാലിക്കിന്റെ വേഗം ഞാന്‍ മറികടക്കും! പാകിസ്ഥാന്‍ യുവതാരത്തിന്റെ വെല്ലുവിളി

Follow Us:
Download App:
  • android
  • ios