കൊച്ചി: നെതര്‍ലന്‍ഡ്‌സിന് വേണ്ടി അണ്ടര്‍ 21 ഫുട്‌ബോള്‍ കളിച്ച ജിയാന്നി സുയിവര്‍ലൂണ്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറൊപ്പിട്ടു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച താരമാണ് സുയിവര്‍ലൂണ്‍. ഇക്കാര്യം ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

32കാരനായ സുയിവര്‍ലൂണ്‍ ഇംഗ്ലീഷ് ക്ലബായ വെസ്റ്റ് ബ്രോം, സ്പാനിഷ് ക്ലബ് മയോര്‍ക്ക, ഡച്ച് ക്ലബായ ഫെയനൂര്‍ഡ് റോട്ടര്‍ഡാം എന്നിവയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും സുയിവര്‍ലൂണിനെ ഉപയോഗിക്കാം. 

കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങള്‍ കളിച്ച സുയിവര്‍ലൂണ്‍ രണ്ട് ഗോളുകളും നേടി. ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ സൈന്‍ ചെയ്യുന്ന നാലാമത്തെ വിദേശ താരമാകും സുയിവര്‍ലൂണ്‍.