ബംഗളൂരു: രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ബംഗളൂരുവിലാണ് മത്സരം. നാല് കളിയില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ആതിഥേയരുടെ സ്ഥിതിയും അത്ര നല്ലതല്ല. ഒരു ജയവും മൂന്ന് സമനിലയും. ബംഗളൂരു അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് ഏഴാമതുമാണ്.

ബ്ലാസ്റ്റേഴ്‌സിന് പിന്നീടെല്ലാം പിഴയ്ക്കുകയായിരുന്നു. ഇതോടൊപ്പം മുന്‍നിര താരങ്ങളുടെ പരിക്കും തിരിച്ചടിയായി. ശക്തമായൊരു ആദ്യ ഇലവനെ കളത്തിലിറക്കാന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് എല്‍കോ ഷാറ്റോറിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റന്‍ ഒഗ്ബചേയുടെ സ്‌കോറിംഗ് മികവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഉറ്റുനോക്കുന്നത്.

സുനില്‍ ഛേത്രി, ഉദാന്ത സിംഗ്, ആഷിക് കുരുണിയന്‍, റാഫേല്‍ അഗസ്റ്റോ, എറിക് പാര്‍ത്തലു തുടങ്ങിയവരിലാണ് ബംഗളൂരുവിന്റെ പ്രതീക്ഷ. മുമ്പ് ഇരുവരും നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ബംഗളൂരു ജയിച്ചു. ഒരു സമനില മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനുള്ളത്.