Asianet News MalayalamAsianet News Malayalam

കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് കായികമന്ത്രി

ഐഎസ്എല്ലിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മത്സരങ്ങളുടെ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി.

Kerala Blasters to leave Kochi ? Sports Minister EP Jayarajans responds
Author
Thiruvananthapuram, First Published Oct 28, 2019, 10:01 PM IST

തിരുവനന്തപുരം: കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് കായിക മന്ത്രി ഇ പി ജയരാജന്‍. കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഐഎസ്എല്ലിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മത്സരങ്ങളുടെ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും ഇതിനായി ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ ഏറെ ആരാധകരുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം വിടാന്‍ ആലോചിക്കുന്നതായി ചില മാധ്യമങ്ങളില്‍ കണ്ടു. കളി നടത്താനുള്ള അനുമതി മുതല്‍ സുരക്ഷ വരെയുള്ള എല്ലാ കാര്യങ്ങളിലും വലിയ തടസ്സങ്ങള്‍ നേരിടുന്നതാണ് ഇതിനു കാരണമെന്ന് പറയുന്നു. കേരള കായികരംഗത്തെ സംബന്ധിച്ചും ഫുട്‌ബോള്‍ ആരാധകരെ സംബന്ധിച്ചും ആശങ്ക ഉളവാക്കുന്ന വാര്‍ത്തയാണിത്.

ഐ എസ് എല്ലില്‍ കേരളത്തിന്റെ പ്രതിനിധിയായി ഒരു ടീം കളിക്കുന്നത് നാടിന് ഏറെ അഭിമാനം നല്‍കുന്നതാണ്. തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ഫുട്‌ബോളിന് ആവേശംപകരുന്നതുമാണ് കൊച്ചിയിലെ ഐഎസ്എല്‍ മത്സരങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഐ എസ് എല്ലിനുണ്ട്. എന്നാല്‍, ഏതാനും ചിലരുടെ പ്രവൃത്തികള്‍ സംസ്ഥാനത്തിനാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.

ഏറ്റവും കൂടുതല്‍ കാണികള്‍ എത്തുന്ന ഐഎസ്എല്‍ വേദിയാണ് കൊച്ചി. ലോകം ശ്രദ്ധിച്ചു തുടങ്ങിയ ഇന്ത്യയിലെ ആദ്യ പ്രെഫഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ കേരളത്തിന് നേരിട്ട് പങ്കാളികളാകാന്‍ അവസരം നല്‍കിയ ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. ലോകത്തെ തന്നെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളില്‍ ഒന്നായി മാറാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവര്‍ക്ക് സാധിച്ചു.

ഐ എസ് എല്‍ അധികൃതര്‍ക്കും കൊച്ചി പ്രിയപ്പെട്ട വേദിയാണ്. എതിരാളികളായ ടീമുകളുടെ പോലും പ്രശംസ നേടിയവരാണ് മഞ്ഞപ്പടയെന്ന് അറിയപ്പെടുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.മത്സരങ്ങള്‍ ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിക്കപ്പെടണം. സ്‌റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായി കളി ആസ്വദിക്കാനും കഴിയണം.

ഐഎസ്എല്‍ നടത്തിപ്പിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ ആവശ്യമായ ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുമായും കൊച്ചിയില്‍ കളിനടത്തിപ്പിന്റെ ചുമതലയുള്ള മറ്റുള്ളവരുമായും ചര്‍ച്ച നടത്തും. കളിയെയും കളിക്കാരെയും കാണികളെയും ഒരുപോലെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഉന്നതമായ കായികപാരമ്പര്യമാണ് കേരളത്തിന്റേത്. കായികരംഗത്തിന്റെ ഉന്നമനവും പ്രോത്സാഹനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios