അഞ്ചു ഗോളുകള്‍ നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് അന്‍ജലാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. പത്തനംതിട്ടയുടെ പ്രണവാണ് മികച്ച ഗോള്‍കീപ്പര്‍. തൃശൂരിന്റെ പ്രതിരോധ താരം അഹമ്മദ് സ്വബീഹ് മികച്ച ഡിഫന്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടു. 

കൊച്ചി: പ്രഥമ കേരള ഗെയിംസിന്‍റെ(Kerala Games) ഭാഗമായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടന്നിരുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ കോഴിക്കോട് ചാംപ്യന്മാര്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ തൃശൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്. മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു.

കോഴിക്കോടിനു വേണ്ടി ദില്‍ഷാദും നബീലും നന്ദു കൃഷ്ണനും ലക്ഷ്യം കണ്ടപ്പോള്‍ തൃശൂരിന്‍റെ എന്‍.ടി. ബേസിലിന്റെ കിക്ക് മാത്രമാണ് വലയിലെത്തിയത്. അക്ഷയ് സുധീഷിന്റെയും വി.പി. രജനീഷിന്റെയും കിക്ക് പുറത്തേക്കു പോയപ്പോള്‍ റിസ്വാന്‍ ഷൗക്കത്തിന്‍റെ കിക്ക് കോഴിക്കോടിന്‍റെ ഗോള്‍ കീപ്പര്‍ അന്‍സിഫ് തടഞ്ഞിട്ടു. അന്‍സിഫ് തന്നെയാണ് ഫൈനല്‍ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച്.

അഞ്ചു ഗോളുകള്‍ നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് അന്‍ജലാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. പത്തനംതിട്ടയുടെ പ്രണവാണ് മികച്ച ഗോള്‍കീപ്പര്‍. തൃശൂരിന്റെ പ്രതിരോധ താരം അഹമ്മദ് സ്വബീഹ് മികച്ച ഡിഫന്‍ഡറായി തെരഞ്ഞെടുക്കപ്പെട്ടു.

തൃശൂരിന്‍റെ ഇ.കെ.ഹാരിസാണ് മികച്ച മിഡ്ഫീല്‍ഡര്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിര കളിക്കാരനുള്ള പുരസ്‌കാരം കോഴിക്കോടിന്‍റെ ജസീല്‍ സ്വന്തമാക്കി. കാസര്‍ഗോഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കു പരാജയപ്പെടുത്തി മലപ്പുറം ടൂര്‍ണമെന്‍റിലെ മൂന്നാം സ്ഥാനക്കാരായി.