കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണമേഖല യോഗ്യത റൗണ്ടിന് ഇന്ന് കോഴിക്കോട് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളം, ആന്ധ്ര പ്രദേശിനെ നേരിടും. വൈകിട്ട് നാലിന് ഇ എം എസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആന്ധ്രയും തമിഴ്‌നാടും ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലാണ് കേരളം. 2017 ലെ ചാംപ്യന്മാരായ കേരളം കഴിഞ്ഞ തവണ യോഗ്യത റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 

ഇത്തവണ പ്രൊഫഷണല്‍ ക്ലബുകളില്‍ നിന്നുള്‍പ്പെടെ മികച്ച താരങ്ങളുമായാണ് കേരളം യോഗ്യത റൗണ്ടിന് ഇറങ്ങുന്നത്. ടീമില്‍ ഏറെയും പുതുമുഖങ്ങളാണെങ്കിലും ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക് കെല്‍പ്പുണ്ട്. 2017ല്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ഗോള്‍കീപ്പര്‍ മിഥുനാണ് നായകന്‍. പ്രാഥമിക റൗണ്ടല്ല. കിരീടം തിരിച്ചുപിടിക്കലാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മിഥുന്‍ പറഞ്ഞു. 

ആന്ധ്രക്കും കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനായിട്ടില്ല. പരിചയ സമ്പന്നര്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് ആന്ധ്രയും അവസരം നല്‍കിയിട്ടുണ്ട്. സന്തോഷ് ട്രോഫി കളിച്ച പരിചയമുള്ള ആറ് പേര്‍ ടീമിലുണ്ട്. നാല് തവണ സന്തോഷ് ട്രോഫി കുപ്പായമണിഞ്ഞ ഗണേശാണ് ആന്ധ്ര ടീമിന്റെ നായകന്‍. ആന്ധ്ര ലീഗിലെ വിവിധ ക്ലബ്ബുകള്‍ക്കായി ജേഴ്‌സി അണിഞ്ഞവരാണ് ടീമിലെ ഭൂരിഭാഗം പേരും.